Connect with us

Gulf

കരള്‍ നല്‍കുവാന്‍ ഭാര്യയുണ്ട്; പണത്തിന് ഉദാരമതികള്‍ വേണം

Published

|

Last Updated

അബുദാബി : പതിനെട്ടുവര്‍ഷമായി അബുദാബിയില്‍ കഴിയുന്ന തബല വിദ്വാന്‍ ഉസ്താദ് ഫൈസലിന് കരള്‍ നല്‍കുവാന്‍ ഭാര്യ തയ്യാറുണ്ട്. എന്നാല്‍ ശസ്ത്രക്രിയ നടത്തുവാന്‍ മനുഷ്യസ്‌നേഹികളുടെ കാരുണ്യം വേണം.
ഫൈസലിന് ആറു മാസം മുമ്പാണ് കരളിന് രോഗം ബാധിച്ചത്. തിരിച്ചറിയുവാന്‍ കഴിഞ്ഞില്ലെങ്കിലും ഛര്‍ദിയും അസ്വസ്ഥതയും മൂലം ഹോസ്പിറ്റലില്‍ പോയപ്പോഴാണ് മഞ്ഞപിത്തം രൂക്ഷമായി കരളിന് ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞത്.
സംശയം ദൂരീകരിക്കുന്നതിന് അബുദാബിയിലെ നിരവധി ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും എല്ലാവരും ഒരേ ഉത്തരമാണ് നല്‍കിയതെന്ന് ഫൈസല്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ സംഗീത രംഗത്ത് പ്രശസ്തരായ ചിത്ര അയ്യര്‍, എം എസ് വിശ്വനാഥന്‍, കൈതപ്രം, ഉണ്ണിമേനോന്‍, മാര്‍ക്കോസ്, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങിയവരുടെ പ്രവര്‍ത്തിച്ച ഫൈസല്‍ 1994 മുതല്‍ യു എ ഇയിലുണ്ട്. അബുദാബിയില്‍ നിരവധി ശിഷ്യന്മാരുണ്ട് അദ്ദേഹത്തിന്. മെലഡി ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രധാന ഗുരുവും കൂടിയായ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന സംഗീത സ്‌കൂളുകളുടെ തലപ്പത്ത്. കേരളത്തിലും ഗള്‍ഫിലുമായി നിരവധി കാസറ്റുകള്‍ ഫൈസലിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. 1996 മുതല്‍ അബുദാബിയില്‍ നാത്തൂറായി ജോലി ചെയ്യുന്ന ഫൈസല്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കരുണാകടാക്ഷം കാത്തിരിക്കുകയാണ്. ഒരു ശസ്ത്രക്രിയക്ക് നാല്‍പത്തിയഞ്ച് ലക്ഷം ഇന്ത്യന്‍ രൂപ ചിലവ് വരും.
ഫൈസലിന്റെ ശിഷ്യന്മാരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ശസ്ത്രക്രിയയുടെ ചിലവിനായി ജൂണ്‍ 26ന് വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സംഗീതനിശ സംഘടിപ്പിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ് ഫൈസല്‍. വിവരങ്ങള്‍ക്ക്: 050-5617942.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest