Connect with us

Gulf

തൊഴിലാളികള്‍ക്ക് പോലീസ് സാന്ത്വനം

Published

|

Last Updated

അല്‍ ഐന്‍: അബുദാബി പോലീസ് തൊഴിലാളികള്‍ക്ക് ശീതളപാനീയവും ഈന്തപ്പഴവും തൊപ്പിയും സ്യൂര്യാഘാതം തടയാനുള്ള സണ്‍ പ്രൊട്ടക്ഷന്‍ ക്രീമുകളും വിതരണം ചെയ്തു. ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായാണു റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് മാനേജ്‌മെന്റിനു കീഴില്‍ ഉച്ചവിശ്രമ നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്യാമ്പയിനും സൂര്യാതപ രോഗങ്ങള്‍ തടയാനുള്ള ബോധവല്‍ക്കരണവും നടന്നത്.

സൂര്യാഘാത പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച ലഘുലേഖ ഉള്‍പ്പെടെയുള്ള കിറ്റുകളും തൊഴിലാളികള്‍ക്കു വിതരണം ചെയ്യുന്നുണ്ട്. യുഎഇ ആഭ്യന്തരമന്ത്രാലയത്തിന്റെസാമൂഹിക സുരക്ഷാ നടപടികളുടെ ഭാഗമായാണു ബോധവല്‍ക്കരണ പരിപാടികളും കുടിവെള്ള – ശീതള പാനീയ വിതരണവും നടത്തുന്നതെന്നു റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടര്‍ കേണല്‍ ഖലീഫാ മതാര്‍ അല്‍ ഹുമൈരി അറിയിച്ചു.
അല്‍ഐനിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും ഈ യജ്ഞത്തില്‍ പങ്കാളികളാവുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സൂര്യാഘാത പ്രശ്‌നങ്ങള്‍ തടയുന്നതോടൊപ്പം തൊഴിലാളികളുടെ സുരക്ഷിതത്വവും ബോധവല്‍ക്കരണ പരിപാടിയുടെ പ്രധാന ലക്ഷ്യമാണ്.
അല്‍ഐനിലും പരിസരങ്ങളിലുമുള്ള വിവിധ നിര്‍മാണ സൈറ്റുകളില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടി വളരെ ആവേശത്തോടെയാണു തൊഴിലാളികള്‍ സ്വീകരിക്കുന്നത്.
മധ്യാഹ്‌ന വിശ്രമ നിയമം കര്‍ശനമായി നടപ്പാക്കാന്‍ നഗരാതിര്‍ത്തിയിലും ഉള്‍പ്രദേശങ്ങളിലും അല്‍ഐന്‍ നഗരസഭയും ഈ ക്യാമ്പയിനില്‍ ഭാഗഭാക്കാവുന്നുണ്ടെന്നു ടൗണ്‍ പ്ലാനിങ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ലാ ഹംദാന്‍ അല്‍ ആമിരി പറഞ്ഞു. അല്‍ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും പങ്കാളിത്തം വഹിക്കുകയും തൊഴിലാളികളുടെ സംരക്ഷണത്തിനു വേണ്ട സഹായവും ചെയ്യുമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബദര്‍ നാസര്‍ അല്‍ സഹ്‌ലി പറഞ്ഞു.