Connect with us

Gulf

ഫാസ്റ്റ് ട്രാക്കില്‍ കുറഞ്ഞ വേഗത്തില്‍ ഓടിക്കല്‍ ഈ വര്‍ഷം പിഴ ചുമത്തിയത് 540 പേര്‍ക്ക്

Published

|

Last Updated

ദുബൈ: ഫാസ്റ്റ് ട്രാക്കുകളില്‍ കുറഞ്ഞ വേഗത്തില്‍ വാഹനം ഓടിച്ച 540 പേര്‍ക്ക് പിഴ ചുമത്തിയതായി ദുബൈ പോലീസ് വെളിപ്പെടുത്തി. 2014ന്റെ ആദ്യ അഞ്ചു മാസങ്ങളിലെ കണക്കാണിത്. ഹൈവേകളില്‍ അതിവേഗം വാഹനം ഓടിക്കാനുള്ള ട്രാക്കുകളില്‍ കുറഞ്ഞ വേഗം സ്വീകരിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വെളിപ്പെടുത്തി. ഫാസ്റ്റ് ട്രാക്കുകളില്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേഗതയിലും കുറഞ്ഞ രീതിയില്‍ വാഹനം ഓടിക്കുന്നവരെയാണ് പിഴ കാത്തിരിക്കുന്നത്. കുറഞ്ഞ വേഗത്തില്‍ വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ റോഡിലെ ആദ്യ ട്രാക്കുകളിലൂടെയാണ് വാഹനം ഓടിക്കേണ്ടത്. ഏറ്റവും വേഗത്തില്‍ വാഹനം ഓടിക്കാവുന്ന ഫാസ്റ്റ് ട്രാക്കുകളിലേക്ക് കയറാന്‍ ശ്രമിക്കരുത്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ പരമാവധി വേഗമാണ് ഒരു റോഡില്‍ നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ ആ റോഡിലെ ഏറ്റവും ഇടതു വശത്തുള്ള ട്രാക്കായിരിക്കും ഈ ഗണത്തില്‍പ്പെടുക. ഈ ട്രാക്കില്‍ അറുപതോ എഴുപതോ കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നത് മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇത് അപകടത്തിന് ഇടയാക്കുന്നത് പരിഗണിച്ചാണ് നടപടിക്ക് ഒരുങ്ങുന്നത്.
വേഗം കുറച്ചു വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വലതു വശത്തെ ട്രാക്കിലാണ് സഞ്ചരിക്കേണ്ടത്. എന്നാല്‍ പലരും ഇത് പാലിക്കാതെ ഇടതുവശത്തെ ട്രാക്കുകളില്‍ കയറുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് അനുവദിക്കാവുന്നതല്ല. റോഡില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കും മരണത്തിനും ഇത്തരം നിയമ ലംഘനങ്ങള്‍ കാരണമാവുന്നതായാണ് പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമാവുന്നത്. ട്രാക്കില്‍ മുമ്പില്‍ പോകുന്ന വാഹനത്തിന്റെ വേഗം പിന്നിലുള്ളവക്ക് അറിയാന്‍ സാധിക്കാത്തതാണ് ഇതിന് കാരണം.
പിന്നില്‍ വേഗത്തില്‍ വരുന്ന വാഹനത്തിന് വലതു വശത്തേക്ക് ട്രാക്ക് മാറ്റി സൗകര്യം ചെയ്തു കൊടുക്കാത്ത ഡ്രൈവര്‍മാര്‍ക്ക് എതിരെയാണ് പിഴ ചുമത്തുന്നത്. 200 ദിര്‍ഹമാണ് പിഴയായി ഈടാക്കുന്നത്. ഇത്തരം നിയമലംഘനവുമായി ബന്ധപ്പെട്ട് 2013ല്‍ ദുബൈ ട്രാഫിക് പോലീസ് 804 പേര്‍ക്കാണ് പിഴ ചുമത്തിയത്. ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ചു മാസങ്ങള്‍ക്കിടയില്‍ 540 പേര്‍ക്ക് പിഴ ചുമത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.
ട്രാഫിക് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 1,04,935 വാഹനങ്ങള്‍ക്കാണ് 2013ല്‍ പിഴ ചുമത്തിയത്. ഈ വര്‍ഷത്തെ ആദ്യ അഞ്ചു മാസങ്ങളില്‍ 71,211 വാഹനങ്ങള്‍ക്ക് ഇതേ കാരണത്താല്‍ പിഴ ചുമത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 8007000, 8004353 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും കേണല്‍ സെയ്ഫ് മുഹൈര്‍ അഭ്യര്‍ഥിച്ചു.

Latest