Connect with us

Wayanad

ഞെട്ടല്‍മാറാതെ ആറാട്ടുപാറ

Published

|

Last Updated

ഗൂഡല്ലൂര്‍: കുടുംബത്തിലെ മൂന്ന് പേരെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന സംഭവം ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറയെ നടുക്കി. വയനാട് ജില്ലയിലെ മീനങ്ങാടി സ്വദേശി ലെനിന്‍ (27) ആണ് ഗൂഡല്ലൂരിനടുത്ത ഓവാലിയിലെ ആറാട്ടുപാറ അയ്യപ്പമട്ടം സ്വദേശി വാളിയാങ്കല്‍ ജോയി (50) ഭാര്യ ഗിരിജ (45) ജോയിയുടെ മാതാവ് അന്നമ്മ (70) എന്നിവരെ അടിച്ചുകൊന്നത്.
ജോയിയുടെ മകള്‍ ജോസ്‌ന (22)യെ ഗുരുതരമായ പരുക്കുകളോടെ ഊട്ടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പ്രണയത്തിലായിരുന്ന ലെനിനും ജോസ്‌നയും വൈത്തിരിയിലെ സ്വകാര്യ കോളജില്‍ ഹോട്ടല്‍ മാനേജ്‌മെന്റിന് ഒരുമിച്ചാണ് പഠിച്ചിരുന്നത്. മറ്റൊരാളുമായി ജോസ്‌നയുടെ വിവാഹം ഉറപ്പിച്ചതാണ് ഇയാളെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.
വീട്ടിലെത്തി ഇയാള്‍, മകളെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇവരുടെ മാതാപിതാക്കളുമായി വഴക്കിടുകയായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുമായാണ് പ്രതി മീനങ്ങാടിയില്‍ നിന്ന് എത്തിയത്. ശനിയാഴ്ച വൈകീട്ട് ഗൂഡല്ലൂരിലെത്തിയ പ്രതി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ടാക്‌സി ജീപ്പില്‍ രാത്രി ആറാട്ടുപാറയിലെത്തുകയായിരുന്നു. ജോയി പുറത്ത് പോയിട്ടുണ്ടെന്ന് അറിഞ്ഞ പ്രതി നേരെ വീട്ടിലെത്തുകയും കൃത്യം നടത്തുകയുമായിരുന്നു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ ജോയിയെയും ഇയാള്‍ വകവരുത്തി. ജോയിയുടെ മകന്‍ ജോജോ അമ്പലവയലിലെ ജോലി സ്ഥലത്തായിരുന്നു. ഇന്നലെ രാവിലെയാണ് ഗിരിജയുടെയും അന്നമ്മയുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ജോയിയുടെ മൃതദേഹം ആശുപത്രിയിലാണ് ഉണ്ടായിരുന്നത്. ജോസ്‌നയുടെ നില ഗുരുതരമാണ്. ഓവാലിക്കാര്‍ക്ക് ഈ ദാരുണ സംഭവത്തിന്റെ ഞെട്ടല്‍മാറിയിട്ടില്ല. മികച്ച പെരുമാറ്റത്തിനുടമായായ ജോയിയുടെ കുടുംബത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതേ പറയാനുള്ളൂ.
സംഭവം അറിഞ്ഞ് നാടിന്റെ നാനാ ദിക്കുകളില്‍ നിന്ന് ആറാട്ടുപാറയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ പി ശങ്കര്‍, നീലഗിരി എസ് പി ശെന്തില്‍കുമാര്‍, നീലഗിരി എം പി. ഡോ. സി ഗോപാലകൃഷ്ണന്‍, താക്കോ ചെയര്‍മാന്‍ കലൈശെല്‍വന്‍, ഓവാലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, മുന്‍ മന്ത്രി എ മില്ലര്‍, രാജാതങ്കവേലു, ഗൂഡല്ലൂര്‍ സി ഐ ഭാസ്‌കരന്‍, ന്യുഹോപ്പ് എസ് ഐ ശിവാജി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ വൈകീട്ടോടെ മൂവരുടെയും മൃതദേഹങ്ങള്‍ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ധര്‍മഗിരിയിലെ സെന്റ്‌സെബാസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിച്ചു.