Connect with us

Malappuram

കോള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

Published

|

Last Updated

ചങ്ങരംകുളം:പൊന്നാനി കോള്‍ മേഖലയിലെ കോള്‍ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ കെ വി വൈ പദ്ധതി പ്രകാരം വിതരണം ചെയ്ത താറാവ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 14 കോള്‍ കര്‍ഷകര്‍ക്കായി 6600 താറാവ് കുഞ്ഞുങ്ങളെ കഴിഞ്ഞ ആഴ്ച വിതരണം ചെയ്തിരുന്നു. മൂക്കുതല ഉണ്ണിയത്ത് വളപ്പില്‍ പ്രേമദാസിനും ബന്ധുക്കള്‍ക്കുമായി ലഭിച്ച 2000 താറാവുകളില്‍ 700ലധികം താറാവുകള്‍ ഇതിനകം ചത്തൊടുങ്ങി. പള്ളിക്കര കണശ്ശാര് വളപ്പില്‍ ശൗക്കത്തിന്റെ 500 താറാവുകളില്‍ 450ഓളം താറാവുകള്‍ ചത്തൊടുങ്ങി. മറ്റു 12 കര്‍ഷകരുടെയും പകുതിയിലധികം താറാവുകളും ഇതിനോടകം ചത്തൊടുങ്ങിയിട്ടുണ്ട്. 45 ദിവസം പ്രായമുള്ള താറാവ് കുഞ്ഞുങ്ങളെയായിരുന്നു വിതരണം ചെയ്തിരുന്നത്.
നന്നംമുക്ക് വെറ്റിനറി സര്‍ജന്‍ ഡോ. നഹീല്‍ സ്ഥലത്തെത്തി താറാവുകള്‍ക്ക് വേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയെങ്കിലും ഇപ്പോഴും താറാവുകള്‍ ചത്തുകൊണ്ടിരിക്കുകയാണ്. ആലങ്കോട് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ജോര്‍ജ് കുര്യാക്കോസ് സ്ഥലത്തെത്തി വീണ്ടും താറാവ് കുഞ്ഞുങ്ങള്‍ക്ക് കുത്തിവെപ്പ് നല്‍കുകയും കര്‍ഷകര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ചത്ത താറാവുകളെ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകള്‍ ജില്ലാ ഓഫീസിലേക്കയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയുള്ളൂവെന്നും കര്‍ഷകര്‍ക്കുണ്ടായ നഷ്ടം സംബന്ധിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡോ. നഹീല്‍ പറഞ്ഞു. താറാവ് കുഞ്ഞുങ്ങള്‍ ചത്തതോടെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വന്നിരിക്കുന്നത്.
താറാവുകള്‍ക്ക് തീറ്റ സംഭരിച്ചു വെക്കുകയും ആവശ്യമായ ഷെഡ് നിര്‍മിക്കുകയും ചെയ്ത ഇനത്തില്‍ കര്‍ഷകര്‍ക്ക് വലിയ സംഖ്യകള്‍ ബാധ്യതയായിട്ടുണ്ട്.

Latest