Connect with us

Kozhikode

ദേശീയ കലാപ്രദര്‍ശനത്തിന് തുടക്കമായി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് നടന്ന ദേശീയ ചിത്രകലാ ക്യാമ്പില്‍ രചിച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദേശീയ കലാപ്രദര്‍ശനത്തിന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടക്കമായി. പന്ത്രണ്ട് പ്രമുഖ ചിത്രകാരന്‍മാര്‍ വിവിധ മാധ്യമങ്ങളില്‍ തീര്‍ത്ത പന്ത്രണ്ട് ചിത്രങ്ങളാണ് ഈ മാസം 28 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സി എഫ് ജോണ്‍ അക്രലിക്കില്‍ തീര്‍ത്ത “പെര്‍സിസ്റ്റന്‍സ് ഓഫ് ലൈഫ്” എന്ന ചിത്രത്തില്‍ തന്റെ ഗര്‍ഭപാത്രത്തിലെ ശിശുവിനെ ഉറ്റുനോക്കുന്ന അമ്മയുടെ ചിത്രമാണുള്ളത്. ചാര്‍ക്കോളില്‍ വരച്ച ജ്യോതികുമാറിന്റെ ചിത്രത്തില്‍ അതിസൂക്ഷ്മങ്ങളായ ബിംബങ്ങളാണ് പ്രത്യക്ഷമാകുന്നത്. സ്‌കൈ ഡൈവറും അമരത്തില്‍ രക്ഷസുള്ള രണ്ട് കപ്പലുകളും പുള്ളിപ്പുലിക്ക് മുകളില്‍ നിന്ന് വെടിയുതിര്‍ക്കുന്ന മനുഷ്യനും സൈക്കിള്‍ യാത്രികനും, കടലില്‍ തളികയിലെന്നപോലെ കിടന്ന് മാനിനെ പ്രസവിക്കുന്ന സ്ത്രീയുമെല്ലാം ചിത്രത്തില്‍ വിഷയമാകുന്നു. കെ ലക്ഷ്മ ഗൗഡ് രചിച്ച അക്രലിക് ചിത്രത്തില്‍ വിവിധ പട്ട്മാതൃകങ്ങള്‍ കൊണ്ട് യുവതിയാണ് കഥാപാത്രം. കെ പ്രഭാകരന്റെ “ഈവനിംഗ് ഷാഡോസ്” എന്ന ചിത്രത്തില്‍ തെരുവോരത്തെ പട്ടിയും പുരുഷനും സ്ത്രീകളുമെല്ലാം വിഷയമാകുന്നു. അജയകുമാറിന്റെ “ദി വെസ്സല്‍” എന്ന ചിത്രത്തില്‍ കപ്പലും തോണിയുമാണ് ദൃശ്യമാകുന്നത്.
ഇടത്‌കൈയില്‍ ഉയര്‍ത്തിപ്പിടിച്ച തലയോട്ടിക്ക് നേരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന, അസ്ഥികളും തോക്കും ഒരുമിച്ച് കെട്ടിവെച്ച് കാലില്‍ ചാരിവെച്ച് ഇരിക്കുന്ന മുഖംമൂടി ധാരിയാണ് “ഏന്‍ എനിമീസ് മാസ്‌ക്വറേഡ്” എന്ന ടി വി സന്തോഷിന്റെ ചിത്രത്തിലെ വിഷയം. അലക്‌സ് മാത്യു ചാര്‍ക്കോളില്‍ രചിച്ച “എലോണ്‍ ഇന്‍ ദി ക്രൗഡ്” എന്ന ചിത്രത്തില്‍ എല്ലാ തരത്തിലുള്ള വേഷവിതാനങ്ങളോട് കൂടിയ ആള്‍കൂട്ടമാണ് പ്രകടമാകുന്നത്. കടലോരത്തേക്ക് നടന്നടുക്കുന്ന കുട്ടിയാണ് ടി എം അസീസിന്റെ ചിത്രത്തിലുള്ളത്. വസ്ത്രവൈവിധ്യത്തോടെ നിലകൊള്ളുന്ന മനുഷ്യരും പ്രകൃതിയും പക്ഷിമൃഗാദികളുമെല്ലാമാണ് ആര്‍ ബി ഭാസ്‌കരന്റെ “ലൈഫ് സ്റ്റൈല്‍” എന്ന ചിത്രത്തില്‍. ഡി എല്‍ എന്‍ റെഡ്ഡിയുടെ അക്രലിക് ചിത്രം, രാജന്‍ എം കൃഷ്ണന്റെ “മൈഗ്രേറ്ററി ബേര്‍ഡ്‌സ് ആന്‍ഡ് ട്രോപ്പിക്കല്‍പ്ലാന്റ്”, അച്യുതന്‍ കൂടല്ലൂരിന്റെ “അബ്‌സ്ട്രാക്ഷന്‍” എന്ന അക്രലിക് ചിത്രം എന്നിവയും ചിത്രപ്രദര്‍ശനത്തിന് മാറ്റേകുന്നു.
പ്രദര്‍ശനം സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ എന്‍ സജിത് ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി വൈക്കം എം കെ ഷിബു, കെ വി കൃഷ്ണകുമാര്‍, ആര്‍ കെ രമേശ് സംബന്ധിച്ചു.

Latest