Connect with us

Kozhikode

സരോവരം ബയോപാര്‍ക്കിലെ ഇ- ടോയ്‌ലറ്റുകള്‍ മാസങ്ങളായി പ്രവര്‍ത്തന രഹിതം

Published

|

Last Updated

കോഴിക്കോട്:സരോവരം ബയോപാര്‍ക്കിലെ ഇ- ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനരഹിതമായത് പാര്‍ക്കിലെത്തുന്നവരെ വലക്കുന്നു. സരോവരത്തിലെത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് കളിപ്പൊയ്കക്ക് സമീപം ഇ- ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.
ആദ്യത്തെ കുറച്ച് കാലം വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിരുന്ന ഇവ ഇപ്പോള്‍ സ്ഥലം മുടക്കികളായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തന രഹിതമായ ഇ- ടോയ്‌ലറ്റുകള്‍ നന്നാക്കാന്‍ ആരും തയ്യാറായിട്ടില്ല. കാട് പിടിച്ച് നാശമായ അവസ്ഥയില്‍ പൂട്ടിയിട്ടിരിക്കുകകയാണ് ഇപ്പോള്‍. അതിനിടെ പാര്‍ക്കിന്റെ കവാടത്തിനടുത്തായി പഴയ ടോയ്‌ലറ്റുകള്‍ നവീകരിച്ച് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. ഇതിന്റെ പ്രവര്‍ത്തനവും മന്തഗതിയിലാണ്.
ടോയ്‌ലെറ്റിലെ വെള്ളത്തിന്റെ പൈപ്പുകള്‍ ചില സാമൂഹിക ദ്രോഹികള്‍ പൊട്ടിച്ച് കളഞ്ഞിട്ട് നാളേറെയായി. ഇത് പുതുക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതേസമയം വേണ്ട വിധത്തില്‍ വെള്ളം ലഭിക്കാത്ത ഈ ടോയ്‌ലറ്റുകളുണ്ടെന്ന കാരണവും പറഞ്ഞാണ് ഇ- ടോയ്‌ലറ്റുകള്‍ നവീകരിക്കുന്നതില്‍ നിന്നും അധികൃതര്‍ പിന്‍മാറുന്നത്. ദിനംപ്രതി നിരവധിആളുകള്‍ എത്തുന്ന സരോവരം പോലൊരു പാര്‍ക്കില്‍ ചുരുങ്ങിയത് രണ്ട് ടോയ്‌ലറ്റുകളെങ്കിലും അത്യാവശ്യമാണ്. ഈ സ്ഥിതിക്ക് ഇ- ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇങ്ങനെ കൊട്ടിഘോഷിച്ച് നഗരത്തില്‍ സ്ഥാപിച്ച മിക്ക ഇ- ടോയ്‌ലറ്റുകളുടെയും സ്ഥിതി ഇതു തന്നെയാണ്. മുതലക്കുളം മൈതാനിയില്‍ സ്ഥിതി ചെയ്യുന്ന ഇ- ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തന രഹിതമായിട്ട് കാലങ്ങളായി. ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് കാണിച്ച ഉത്സാഹമൊന്നും ഇത് നവീകരിക്കുന്നതില്‍ കാണാനില്ല. വെറുതെ പണം ചെലവഴിച്ചതല്ലാതെ നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനം ലഭിക്കാത്ത ചില പദ്ധതികളായി ഇവ മാറിയിരിക്കുന്നു.