Connect with us

Kozhikode

കാലവര്‍ഷത്തിനൊപ്പം പനിയും പടരുന്നു

Published

|

Last Updated

കോഴിക്കോട്:കാലവര്‍ഷത്തോടൊപ്പം ജില്ലയില്‍ പനിയുമെത്തി. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും നിരവധി രോഗികളാണ് പനിബാധിതരായി ദിവസവുമെത്തുന്നത്. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, വൈറല്‍ പനി എന്നിവയാണ് ജില്ലയില്‍ വ്യാപകമായിരിക്കുന്നത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാത്തതാണ് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും മോശമായ സാഹചര്യങ്ങളിലാണ് താമസിക്കുന്നത്. ഇവിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നില്ല. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നാണ് പനി ഏറെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെയാണ് പലയിടത്തും താമസിക്കുന്നത്. ഇവര്‍ക്ക് താമസിക്കാനായി വാസയോഗ്യമല്ലാത്ത താത്ക്കാലിക ഷെഡുകളാണ് പലയിടത്തും നിര്‍മിച്ചു നല്‍കിയിട്ടുള്ളത്. പലയിടത്തും പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ഇല്ലാത്തത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് നഗരത്തില്‍ അന്യസംസ്ഥന തൊഴിലാളികള്‍ താമസിക്കുന്നിടത്തു നിന്ന് മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതോടെയാണ് രോഗം പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കാന്‍ സാധിച്ചത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഇത്തവണയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. മഴ ശക്തമാകുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.
അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിട ഉടമകള്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ടോയ്‌ലറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും എല്ലാവരും പാലിച്ചു തുടങ്ങിയിട്ടില്ല. പലയിടത്തും സ്ഥിതി ഇപ്പോഴും ദയനീയമാണ്. മഴക്കാല രോഗങ്ങള്‍ വ്യാപകമാകുന്നത് തടയാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അവയൊന്നും പൂര്‍ണ്ണമല്ല. വൃത്തിഹീനമായ വെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന ഐസ് നഗരത്തില്‍ ഇപ്പോഴും വ്യാപകമാണ്. പല ഹോട്ടലുകളിലും മോശം സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നതും രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നുണ്ട്. പാതയോരങ്ങളിലും മറ്റും മാലിന്യങ്ങള്‍ കൂട്ടിയിടുന്നതും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.
പലയിടത്തും മാലിന്യങ്ങള്‍ മഴയില്‍ ഊര്‍ന്നിറങ്ങി കുടിവെള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെ മലിനപ്പെടുന്ന സ്ഥിതിയാണ്. പാതയോരങ്ങളില്‍ കുമിഞ്ഞുകിടക്കുന്ന മാലിന്യക്കൂമ്പാരം വലിയ ആരോഗ്യ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. അനാരോഗ്യകരമായ സാഹചര്യത്തില്‍ നിര്‍മിച്ച ഭക്ഷ്യവസ്തുക്കള്‍ സ്‌കൂളുകളുടെയും മറ്റും സമീപങ്ങളില്‍ വില്‍ക്കുന്നതും നിത്യകാഴ്ചയാണ്.
ഉപ്പിലിട്ട വസ്തുക്കളും ഐസും മറ്റും പലപ്പോഴും മോശം സാഹചര്യത്തിലാണ് നിര്‍മിക്കുന്നത്. മലിനമായ വെള്ളവും മാരകമായ വസ്തുക്കളും ചേര്‍ത്ത് വൃത്തിയില്ലാതെ നിര്‍മിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വലിയ അപകടമാണ് വരുത്തി വെക്കുന്നത്. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ വലിയ ആരോഗ്യഭീഷണി തന്നെയാകും ജില്ല നേരിടേണ്ടി വരിക.

Latest