Connect with us

Kerala

സംസ്ഥാനത്ത് അരിവില വര്‍ധിക്കുമെന്ന് അനൂപ് ജേക്കബ്

Published

|

Last Updated

niyamasabha_3_3തിരുവനന്തപുരം: റെയില്‍വേ നിരക്ക് വര്‍ധനയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് അരിവില വര്‍ധിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

റയില്‍വേ നിരക്ക് വര്‍ധന, സംസ്ഥാനത്തുണ്ടാകുന്ന വിലക്കയറ്റം എന്നിവ നിയമസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി പി എമ്മിലെ എളമരം കരീമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റെയില്‍വേ നിരക്ക് വര്‍ധനക്കെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. എല്ലാ അവശ്യസാധങ്ങള്‍ക്കും വില വര്‍ധിക്കാനുള്ള സാഹചര്യമാണ് നില നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം സംബന്ധിച്ച് സഭയില്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷവുമായി യോജിച്ച് സഭിയില്‍ പ്രമേയം കൊണ്ടുവരാവുന്നതാണ്. വിലക്കയറ്റം, പൊതുവിതരണ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും മുഖ്യമന്ത്രി സഭയെ അറിയച്ചു.

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മറുപടി പറഞ്ഞതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷവും തൃപ്തരായി.

 

Latest