Connect with us

Kozhikode

കടിഞ്ഞാണില്ല: നഗരത്തിലെ ഹോട്ടലുകളില്‍ വില കുതിച്ചുയരുന്നു

Published

|

Last Updated

കോഴിക്കോട്:യാതൊരു കടിഞ്ഞാണുമില്ലാതെ നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ഥങ്ങളുടെ വില കുതിച്ചുയരുന്നു. ഭക്ഷണസാധനങ്ങളുടെ അടിക്കടിയുള്ള ഈ വിലക്കയറ്റം കാര്യമായി ബാധിക്കുന്നത് നഗരത്തിലെത്തുന്ന സാധാരണക്കാരേയും തൊഴിലാളികളേയുമാണ്.
പല ഹോട്ടലുകളിലും തോന്നിയപോലെയാണ് വില ഈടാക്കുന്നത്. ചോറിന് 40 ഉം 45 മൊക്കൊയാണ് വില. ചോറിന്റെ കൂടെ ഒരു പൊരിച്ച മീന്‍ കൂടി വാങ്ങുമ്പോഴേക്കും വില നൂറ് കടക്കും. ബിരിയാണിക്ക് 80 മുതല്‍ 140, 150 രൂപവരെയാണ് വില. ചായക്ക് 7 രൂപ മുതല്‍ 9 രൂപ വരെയും കാപ്പിക്ക് 12 രൂപയുമായി പലരും ഇഷ്ടാനുസരണം വര്‍ധിപ്പിക്കുകയാണ്. ഹോട്ടലുകളിലെ വില നിര്‍ണയിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതാണ് ഇതിനിടയാക്കുന്നത്. ഹോട്ടലുകളിലെ വില നിര്‍ണയിക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറയുന്നുണ്ട്. സാധനങ്ങളുടെ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റമാണ് കാരണമെന്നാണ് ഹോട്ടലുടമകളുടെ വാദം. ഹോട്ടലില്‍ ഭക്ഷണത്തിന്റെ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും അക്കാര്യത്തില്‍ പൂര്‍ണ അധികാരം ഹോട്ടല്‍ ഉടമകള്‍ക്കാണെന്നുമാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ഹോട്ടലുകളിലെ വിലവിവരം പഠിക്കാന്‍ നിര്‍ദേശിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനവും എങ്ങുമെത്തിയിട്ടില്ല.
ഹോട്ടലുകളിലെ വില കുത്തനെ ഉയരുമ്പോഴും നാടന്‍ വിഭവങ്ങളും മിതമായ വിലയുമായ ചെറിയ ചെറിയ ഹോട്ടല്‍ സംരംഭങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സ്ഥിരമായി നഗരത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളും ഓഫീസ് ജീവനക്കാരും ഇത്തരം സംരംഭങ്ങളെയാണ് ആശ്രയിക്കുന്നത്.