Connect with us

Kerala

വയോജനങ്ങള്‍ കൂടുതലുള്ള നാടായി കേരളവും മാറുന്നു

Published

|

Last Updated

കണ്ണൂര്‍: വയോജനങ്ങള്‍ കൂടുതലുള്ള നാടായി കേരളവും മാറുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളെക്കാളും പ്രായമേറിയവര്‍ കൂടിയ നാടായി കേരളം മാറുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പോപ്പുലേഷന്‍ റിസര്‍ച്ച് സെന്റര്‍ യു എന്‍ എഫ് പിയുടെ സഹായത്തോടെ നടത്തിയ സര്‍വേയിലാണ് പ്രായമേറിയവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളത്തെ കണ്ടെത്തിയത്. വയോജനങ്ങളുടെ എണ്ണം മറ്റെല്ലാ സംസ്ഥാനത്തേക്കാളും കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 60 വയസ്സെത്തിയവരെ വൃദ്ധരും 80 വയസ്സെത്തിയവരെ വയോവൃദ്ധരുമായാണ് കണക്കാക്കിയിട്ടുള്ളത്. മികച്ച ജീവിത സാഹചര്യങ്ങളും കൃത്യമായ ശുശ്രൂഷയുമെല്ലാം ലഭിക്കുന്നതിനാല്‍ സംസ്ഥാനത്തുള്ളവരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതായി നേരത്തെ തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. മറ്റേത് സംസ്ഥാനത്തേക്കാളും ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ കേരളം അഭിമാനാര്‍ഹമായ നേട്ടം തന്നെയാണ് കൈവരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുളള പരിവര്‍ത്തനം ഏറ്റവും കൂടുതലായി നടക്കുന്നത് കേരളത്തിലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വൃദ്ധരുടെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍, വരുമാനം, കടബാധ്യത, ജീവിതരീതി, മറ്റംഗങ്ങളുമായുള്ള ബന്ധം, ആരോഗ്യസ്ഥിതി, ആരോഗ്യച്ചെലവ് എന്നിവയെല്ലാം സര്‍വേയില്‍ പഠനവിധേയമാക്കിയിരുന്നു. വീടുകളിലും വൃദ്ധസദനങ്ങളിലുമെല്ലാം നടത്തിയ ഈ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ വൃദ്ധമന്ദിരങ്ങളുള്ള സംസ്ഥാനമായി കേരളം മാറുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആകെ വൃദ്ധജനങ്ങളില്‍ പത്തിലൊരാള്‍ ഏതെങ്കിലും വിധത്തിലുള്ള സഹായത്താലാണ് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി വയോജന സംബന്ധമായ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെങ്കിലും ചികിത്സ സംബന്ധമായ ചെലവുകള്‍ താങ്ങാവുന്നതിലധികമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, അണുകുടുംബ വ്യവസ്ഥിതിയും വന്‍തോതില്‍ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും കേരളത്തിലെ വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്. മകനോ മകളോ ആയി ഒരാള്‍ മാത്രമാണുള്ളതെങ്കില്‍ പോലും ഇവര്‍ പ്രായമായ മാതാപിതാക്കളെ ഒറ്റക്കാക്കി മറ്റൊരു വീടെടുത്ത് മാറുന്നതായി പലയിടത്തും കാണുന്നുണ്ട്. ആശുപത്രിയില്‍ പോകാനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ മറ്റുള്ളവരുടെ സഹായം തേടേണ്ടിവരുന്ന വൃദ്ധ മാതാപിതാക്കളുടെ എണ്ണവും ഏറെയുണ്ടെന്ന് കേരളത്തില്‍ നടന്ന പഠനം സൂചിപ്പിക്കുന്നു.
അതേസമയം, തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം അണുകുടുംബ വ്യവസ്ഥയെക്കാളുമധികം കൂട്ടുകുടുംബ സമ്പ്രദായം തന്നെയാണ് കൂടുതലുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെയുള്ള ജനസംഖ്യാ കണക്ക് പ്രകാരം കേരളത്തില്‍ അറുപത് വയസ്സ് കഴിഞ്ഞവര്‍ 40.2 ലക്ഷം പേരാണെന്ന് കണ്ടെത്തിയിരുന്നു. ആകെ ജനസംഖ്യയുടെ 12.5 ശതമാനമാണിത്.

 

---- facebook comment plugin here -----

Latest