Connect with us

Kerala

പരിശീലനവും ഭക്ഷണവും കിട്ടും; ഭാവി ഇവര്‍ക്ക് ഞാണിന്മേല്‍ത്തന്നെ

Published

|

Last Updated

തലശ്ശേരി: കഠിന പരിശീലനത്തിന് ഉപകരണങ്ങളുണ്ട്. ആഴ്ചയില്‍ ആറ് ദിവസം കൃത്യമായി പരിശീലനവും നടത്തുന്നു. ആഹാരത്തിനും മുട്ടില്ല. എന്നാല്‍ ഭാവിയെ സംബന്ധിച്ച് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ ആദ്യ സര്‍ക്കസ് അക്കാദമിയിലെ മറുനാടന്‍ വിദ്യാര്‍ഥികള്‍. അഞ്ച് വര്‍ഷം മുമ്പ് ധര്‍മടം പാലയാട്ടെ രാജ്കമല്‍ ചിത്രമന്ദിര്‍ എന്ന പഴയ പത്മാ ടാക്കീസില്‍ ആരംഭിച്ച അക്കാദമിയില്‍ പരിശീലനം നേടുന്ന ഇവരുടെ മുഖത്തും വാക്കിലും ഈ ആശങ്ക തെളിഞ്ഞു നില്‍ക്കുന്നു.
സര്‍ക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയില്‍ സര്‍ക്കസ് അഭ്യസിക്കാന്‍ മലയാളിക്കുട്ടികള്‍ ആരുമില്ലെന്നത് വിധിവൈപരീത്യം. തൊട്ടയല്‍പക്കമായ തമിഴ്‌നാട്ടിലെ അനുഷ്‌ക, ശെല്‍വം, അഞ്ജലി, പ്രിയ, ബംഗാളില്‍ നിന്നുള്ള സന്‍ജീവ്, രോഹന്‍, മാമുനി, സാബിത്രി എന്നിവരും നേപ്പാളില്‍ നിന്നെത്തിയ രാധികയുമാണ് മലയാളിയായ കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍ പകര്‍ന്നുനല്‍കുന്ന സര്‍ക്കസ് മെയ്‌വഴക്കം പഠിക്കാന്‍ പാലയാട്ടുള്ളത്. ഇവര്‍ ഒമ്പത് വിദ്യാര്‍ഥികളെ കളി പരിശീലിപ്പിക്കാന്‍ രാമന്‍, രാഘവന്‍, രവി എന്നീ കോച്ചുകളുമുണ്ട്. കൂടെ വാര്‍ഡനും കുക്കും ചേര്‍ന്നാല്‍ സര്‍ക്കസ് അക്കാദമിയായി. സര്‍ക്കസ് പരിശീലനത്തോടൊപ്പം കുട്ടികള്‍ക്ക് പഠനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധര്‍മടം ജൂനിയര്‍ ബേസിക് സ്‌കൂളിലാണ് ഒമ്പത് പേരും പഠിക്കുന്നത്.
പരിശീലകര്‍, വാര്‍ഡന്‍, കുക്ക് എന്നിവര്‍ക്ക് മാസശമ്പളം കിട്ടാതായിട്ട് ഒന്നേകാല്‍ കൊല്ലമായി. ശമ്പളവും കെട്ടിട വാടകയും ഉള്‍പ്പടെ 11 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് വിവരം. സര്‍ക്കസ് കളരിക്കായി തലശ്ശേരിയില്‍ സ്ഥിരം അക്കാദമി കെട്ടിട സൗകര്യം ഒരുക്കാന്‍ എരഞ്ഞോളി കണ്ണൂര്‍ മലയില്‍ 10.18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനായി ഒരു കോടി 25 ലക്ഷം രൂപയും അനുവദിക്കപ്പെട്ടു. എന്നാല്‍ ഒരു തുണ്ട് ഭൂമിപോലും ഇതേവരെ ഏറ്റെടുക്കാനായിട്ടില്ല. ഭരണസംവിധാനങ്ങളുടെയും ഉദ്യോഗസ്ഥന്മാരുടെയും മെല്ലെപ്പോക്കും നഷ്ടപരിഹാരത്തെച്ചൊല്ലി സ്ഥലം ഉടമകളുടെ പരാതികളും കാരണമാണ് ഭൂമി ഏറ്റെടുക്കല്‍ പദ്ധതി താളം തെറ്റിയത്. നേരത്തെ കൈയിലുള്ള ഒന്നേകാല്‍ കോടിയില്‍ നിന്നും പാലയാട്ടെ ബാധ്യത കഴിച്ചുള്ള ശേഷിപ്പ് സര്‍ക്കാറില്‍ തിരിച്ചടക്കാനാണ് അക്കാദമി ഉപദേശക സമിതിയുടെ തീരുമാനം.
നിലവില്‍ അക്കാദമിയുടെ ദൈനംദിന കാര്യങ്ങളുടെ ചുമതല സ്‌പോര്‍ട്‌സ് വകുപ്പിനാണ്. എന്നാല്‍ സര്‍ക്കസ് ഒഴികെയുള്ള മറ്റ് കായിക മേഖലകളോടാണ് സ്‌പോര്‍ട്‌സ് വകുപ്പിന് പ്രിയം. മലബാറിലെ മലയാളി സംസ്‌കാരത്തിന്റെ ഭാഗമായ സര്‍ക്കസിനെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലേക്ക് മാറ്റണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് ഇക്കഴിഞ്ഞ 11ന് തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയ യോഗത്തില്‍ തലശ്ശേരിയിലെ സര്‍ക്കസ് അക്കാദമിക്ക് അന്ത്യകൂദാശ നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ സര്‍ക്കസ് പഠിക്കാന്‍ മലയാളി കുട്ടികള്‍ക്ക് ആര്‍ക്കും താത്പര്യമില്ലെന്ന മുന്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയായിരുന്നു വിവാദ തീരുമാനം.