Connect with us

Kerala

തമിഴ്‌നാടിനെ ആശ്രയിക്കുന്ന അലങ്കാരമത്സ്യ വിപണി പ്രതിസന്ധിയില്‍

Published

|

Last Updated

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന ഗുണമേന്മയില്ലാത്ത അലങ്കാരമത്സ്യങ്ങള്‍ സംസ്ഥാനത്തെ വിപണിയെ തകര്‍ക്കുന്നു. വിലക്കുറവിന്റെ പേരിലാണ് തമിഴ്‌നാട്ടില്‍നിന്നുള്ള അലങ്കാരമത്സ്യങ്ങള്‍ വന്‍തോതില്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇത്തരം മത്സ്യങ്ങള്‍ പെട്ടെന്നുതന്നെ ചത്തൊടുങ്ങുന്നത് കാരണം അലങ്കാരമത്സ്യവിപണി തന്നെ പ്രതിസന്ധിയിലാകുകയാണ്.
ചെന്നൈയിലെ കൊളത്തൂരിലും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള മാര്‍ക്കറ്റുകളില്‍നിന്നാണ് സംസ്ഥാനത്തെ അലങ്കാര മത്സ്യവിപണന കേന്ദ്രങ്ങളായ എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് തീവണ്ടികളില്‍ മത്സ്യമെത്തുന്നത്. ദിവസേന ശരാശരി ഒരു കോടിയിലേറെ രൂപയുടെ അലങ്കാര മത്സ്യക്കച്ചവടം കേരളത്തില്‍ നടക്കുന്നുണ്ട്. പെട്ടെന്നു വളരാന്‍ ഹോര്‍മോണ്‍ കുത്തിവച്ചാണ് തമിഴ്‌നാട്ടില്‍ അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നത്. കേരളത്തില്‍ മൂന്ന് മാസം കൊണ്ട് നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുന്ന മത്സ്യം തമിഴ്‌നാട്ടില്‍ ഒന്നര മാസംകൊണ്ട് വളര്‍ത്തും. ഇന്റേണല്‍ ഓര്‍ഗന്‍സ് കൃത്യമായി വളരാത്തതിനാ ല്‍ ശരിയായ വളര്‍ച്ചയുമില്ല. എന്നാല്‍ പുറംവളര്‍ച്ചയുണ്ടാകുന്നതിനാല്‍ ഇതു കാട്ടിയാണ് കേരളത്തിലെ കര്‍ഷകരെ തമിഴ്‌നാട്ടുകാര്‍ കെണിയില്‍ വീഴ്ത്തുന്നത്. ഗോള്‍ഡന്‍ വിഭാഗത്തില്‍പ്പെട്ട അലങ്കാരമത്സ്യങ്ങള്‍ ആയിരം മുതല്‍ 1500 വരെയാണ് വലിയ ടാങ്കുകളില്‍ കേരളീയര്‍ വൃത്തിയോടെ വളര്‍ത്തിയെടുക്കുക. തമിഴ്‌നാട്ടുകാര്‍ ഒരു ചെറിയ ടാങ്കില്‍ മൂവായിരം മുതല്‍ നാലായിരം വരെ മത്സ്യങ്ങളെ വളര്‍ത്തും.
ആട്ടയും വെള്ളത്തിലൂടെ മരുന്നും നല്‍കി കുറഞ്ഞ വെള്ളത്തില്‍ കൂടുതല്‍ മത്സ്യങ്ങളെ വളര്‍ത്തിയെടുക്കുകയാണ് തമിഴനാട്ടുകാരുടെ പതിവ്. ഇവക്ക് ബാക്ടീരിയ, വൈറസ് രോഗങ്ങളും കൂടും. അലങ്കാരമത്സ്യങ്ങള്‍ കേരളത്തില്‍ ശരിയായി വളരില്ല. പ്രധാനമായും കാലാവസ്ഥാ വ്യതിയാനമാണ് ഒരു പ്രശ്‌നം. നമ്മുടെ വെള്ളവുമായി ഇവ ഇണങ്ങിവരാന്‍ സമയമെടുക്കും. അപ്പോഴേക്കും ഈ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങും. അതിനാല്‍ തുടക്കക്കാര്‍ പലരും അലങ്കാര മത്സ്യകൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. കേരളത്തിലെ അലങ്കാര മത്സ്യകൃഷിക്ക് ചെലവ് കൂടുതലാണ്. മത്സ്യത്തിനു നല്‍കുന്ന തീറ്റക്കൂലി പോലും പലപ്പോഴും കിട്ടാറില്ലെന്നും പരാതിയുണ്ട്. അലങ്കാര മത്സ്യകൃഷി വികസനത്തില്‍ കേരളത്തില്‍ സ്ഥലപരിമിതി മറ്റൊരു പ്രധാന പ്രശ്‌നമാണ്. സര്‍ക്കാറിന്റെ വിവിധ പദ്ധതികളുണ്ടെങ്കിലും ഇവയൊന്നും കര്‍ഷകന് ഗുണപ്രദമാകുന്നില്ല. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് തീറ്റക്കാവശ്യമായ ലൈവ് ഫീഡും കേരളത്തി ല്‍ കുറവാണ്. തമിഴ്‌നാട്ടില്‍ ഇതിനെല്ലാം സഹായം നല്‍കു ന്നുണ്ടെങ്കിലും കേരളത്തില്‍ ഇല്ല. ഇതുമൂലം അലങ്കാര മത്സ്യവിപണിയില്‍ മത്സരിക്കാനും കേരളത്തിലെ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാണ്. സംസ്ഥാന ഫിഷറീസ് വകുപ്പാകട്ടെ അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ കാര്യമായൊന്നും ചെയ്യുന്നില്ല. അക്വാകള്‍ച്ചര്‍ മേഖലയില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ പുതിയ ഗവേഷണമില്ല. മാസാവസാനം ശമ്പളം വാങ്ങുക എന്നതില്‍ കവിഞ്ഞ് ഇത്തരം സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഇക്കാര്യങ്ങളിലൊന്നും വലിയ താത്പര്യമില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ അലങ്കാര മത്സ്യം വളര്‍ത്തുന്നതിന് വളരെയേറെ ചെലവാണ് വരുന്നത്. അതുകൊണ്ട് തമിഴ്‌നാട് നല്‍കുന്ന വിലക്ക് നല്‍കാനും സാധ്യമല്ല.
തമിഴ്‌നാട്ടില്‍ നിന്ന് ഗുണമേന്മയില്ലാത്ത മത്സ്യം കുറഞ്ഞ വിലക്ക് കര്‍ഷകര്‍ക്ക് നല്‍കി കൊള്ളയടിക്കുകയാണ്. അതോടൊപ്പം സംസ്ഥാനത്തെ അലങ്കാര മത്സ്യകൃഷി തകര്‍ ക്കുന്നതിനും ഇത് ഇടയാക്കുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

---- facebook comment plugin here -----

Latest