Connect with us

Ongoing News

16 വര്‍ഷങ്ങള്‍ക്ക് ശേഷം നൈജീരിയക്ക് വിജയം

Published

|

Last Updated

nigeriaക്യൂയിബ: ഒടുവില്‍ 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആഫ്രിക്കന്‍ കരുത്തരായ നൈജിരീയ ലോകകപ്പില്‍ ഒരു മത്സരം വിജയിച്ചു. ബോസ്‌നിയ ഹെര്‍സഗോവിനയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് സൂപ്പര്‍ ഈഗള്‍സ് കീഴടക്കിയത്. രണ്ട് തോല്‍വിയോടെ കന്നി ലോകകപ്പിനിറങ്ങിയ ബോസ്‌നിയ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
അര്‍ജന്റീനയെ വിറപ്പിച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും തലയുയര്‍ത്തി തന്നെയാണ് കൊച്ചു രാജ്യമായ ബോസ്‌നിയ മടങ്ങുന്നത്. 29ാം മിനുട്ടില്‍ ഒഡെംവിംഗിയിലൂടെയാണ് നൈജീരിയ വിജയ ഗോള്‍ നേടിയത്. പൊരുതി കീഴടങ്ങിയ ബോസ്‌നിയക്ക് റഫറിയുടെ അബദ്ധവും നിര്‍ഭാഗ്യവും വിജയം നിഷേധിക്കുകയായിരുന്നു. കളിയുടെ 21ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം എഡിന്‍ സെക്കോ നേടിയ ഗോളില്‍ മുന്നില്‍ കടന്നിരുന്നു. എന്നാല്‍ ഇത് ഓഫ് സൈഡാണെന്ന് വിധിയെഴുതിയ റഫറിയുടെ തീരുമാനം അവര്‍ക്ക് വിനയായി. എന്നാല്‍ ഇത് ഓഫ് സൈഡായിരുന്നില്ല. നൈജീരിയ നേടിയ ഗോളിലും റഫറിയുടെ നോട്ടപ്പിശക് പ്രകടമായി. എമെനിക്കെ എത്തിച്ച പാസില്‍ നിന്നായിരുന്നു ഒഡെംവിംഗിയുടെ ഗോള്‍. എന്നാല്‍ ബോസ്‌നിയന്‍ ഡിഫന്‍ഡര്‍ സ്പാഹിച്ചിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയാണ് എമെനിക്കെ പന്ത് കൈമാറിയത്. സ്പാഹിച്ച് വീണുകിടന്നെങ്കിലും അനുവദിക്കാമായിരുന്ന ഫൗളിന് നേരെ റഫറി കണടച്ചു.
1998 ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ച ശേഷം ഇപ്പോഴാണ് സൂപ്പര്‍ ഈഗിള്‍സ് ലോകകപ്പിലെ ഒരു മത്സരം വിജയിക്കുന്നത്. അന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. 2002, 2010 വര്‍ഷങ്ങളില്‍ ആദ്യ റൗണ്ടില്‍ ഓരോ സമനിലയും രണ്ട് തോല്‍വികളും സമ്പാദിച്ച് മടങ്ങിയ നൈജീരിയ 2006ല്‍ യോഗ്യത നേടുന്നതിലും പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ ഇറാനോട് സമനില വഴങ്ങിയ നൈജീരിയക്ക് ഇതോടെ നാല് പോയിന്റായി. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്ന അവര്‍ക്ക് മുന്‍ ചാമ്പ്യന്‍മാരോട് സമനില പിടിച്ചാലും പ്രീ ക്വാര്‍ട്ടറിലെത്താം.

Latest