Connect with us

Business

ഇറാഖ്, റെയില്‍വേ നിരക്ക് വര്‍ധന; വിപണി അതിസമ്മര്‍ദത്തില്‍

Published

|

Last Updated

ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങള്‍ മുന്‍നിര ഓഹരികളില്‍ ലാഭമെടുപ്പിനിറങ്ങി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റവും റെയിവേ നിരക്കിലുണ്ടായ ഭീമമായ വര്‍ധനവുമെല്ലാം ഓഹരി സൂചികക്ക് മേല്‍ സമ്മര്‍ദമുളവാക്കി. തുടര്‍ച്ചയായ രണ്ടാം വാരമാണ് വിപണി തളര്‍ച്ചയില്‍ നീങ്ങുന്നത്.
പോയ വാരം ബി എസ് ഇ സൂചിക 122 പോയിന്റും എന്‍ എസ് ഇ സൂചിക 30 പോയിന്റും താഴ്ന്നു. ഐ ടി ഓഹരികളില്‍ ഫണ്ടുകളുടെ താത്പര്യം നിലനിന്നു. റിയാലിറ്റി, പവര്‍, പെട്രോളിയം, കാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദമുണ്ടായി. മുന്‍നിരയിലെ 30 ഓഹരികളില്‍ 17 എണ്ണം തളര്‍ന്നപ്പോള്‍ 13 ഓഹരികള്‍ മുന്നേറി.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഒമ്പത് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കായ 115 ഡോളറായി. എണ്ണ വിലയിലെ കുതിപ്പ് ഇന്ത്യന്‍ മാര്‍ക്കറ്റിനെ പ്രതിസന്ധിയിലാക്കും. പെട്രോളിയം വില വര്‍ധന പണപ്പെരുപ്പം ഉയര്‍ത്തും. ഏപ്രിലില്‍ 5.2 ശതമാനമായിരുന്നു നാണയപ്പെരുപ്പം മെയില്‍ 6.1 ലേക്ക് ഉയര്‍ന്നു.
മുന്‍ നിര ഓഹരിയായ എം ആന്‍ഡ് എം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ ഏഴ് മുതല്‍ നാല് വരെ ശതമാനം താഴ്ന്നു. എല്‍ ആന്‍ഡ് ടി, ടാറ്റാ പവര്‍, ഐ സി ഐ സി ഐ ബേങ്ക്, എച്ച് ഡി എഫ് സി ബേങ്ക്, എസ് ബി ഐ, മാരുതി തുടങ്ങിയവക്കും തളര്‍ച്ചയാണ്. ഐ ടി ഓഹരികളായ ഇന്‍ഫോസീസ്, വിപ്രോ, ടിി സി എസ് എന്നിവ മികവ് നേടി.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ വ്യാഴാഴ്ച ജൂണ്‍ സീരീസ് സെറ്റില്‍മെന്റാണ്. അതുകൊണ്ടു തന്നെ വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക് ഇടയുണ്ട്. 7542 ല്‍ ഓപണ്‍ ചെയ്ത നിഫ്റ്റി 7660 വരെ കയറിയ അവസരത്തിലെ ലാഭമെടുപ്പില്‍ 7492 ലേക്ക് ഇടിഞ്ഞ നിഫ്റ്റി വ്യാപാരാന്ത്യം 7511 ലാണ്.
ബോംബെ സൂചിക 25,228 ല്‍ നിന്ന് 25,609 വരെ ഉയര്‍ന്നു. വിപണിയുടെ കുതിപ്പ് കണ്ട് വിദേശ ഫണ്ടുകള്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍ നടത്തിയ ലാഭമെടുപ്പ് സൂചികയെ 25,056 ലേക്ക് താഴ്ത്തിയ ശേഷം 25,105 ല്‍ ക്ലോസിംഗ് നടന്നു.
പിന്നിട്ട വാരം ബി എസ് ഇ യില്‍ 18,443 കോടി രൂപയുടെയും നിഫ്റ്റിയില്‍ 91,243 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. തൊട്ട് മുമ്പത്തെയാഴ്ച ഇത് 23,388 കോടിയും നിഫ്റ്റിയില്‍ 1,15,538 കോടി രൂപയുമായിരുന്നു.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ യു എസ് ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം 60.18 ലേക്ക് താഴ്ന്നു. ഒരാഴ്ചക്കിടയില്‍ 41 പൈസയുടെ ഇടിവ്.
സൂചികയില്‍ കഴിഞ്ഞ വാരം സംഭവിച്ച തളര്‍ച്ച മൂലം മുന്‍ നിരയിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 31,966 കോടി രൂപയുടെ ഇടിവ് നേരിട്ടു.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും മികവിലാണ്. ചൈന, കൊറിയ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ മാര്‍ക്കറ്റുകള്‍ നേട്ടത്തിലാണ്. യുറോപ്പ്, യു എസ് വിപണികള്‍ കരുത്ത് നേടി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം 1276 ഡോളറില്‍ നിന്ന് 1300 ലെ പ്രതിരോധവും തകര്‍ത്ത് 1321 വരെ ഉയര്‍ന്നു. ഈ വാരം വിനിമയ വിപണിയില്‍ ഡോളറിലെ സമ്മര്‍ദം നിലനിന്നാല്‍ സ്വര്‍ണത്തിന് അത് നേട്ടമാക്കി മാറ്റാം.

Latest