Connect with us

International

സീസിയുമായി കെറി ചര്‍ച്ച നടത്തി

Published

|

Last Updated

കൈറോ: ഈജിപ്തിന്റെ പുതിയ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കൈറോയിലെത്തി ചര്‍ച്ച നടത്തി. കുറച്ചുകൂടി വിശാലമായ രാഷ്ട്രീയം പ്രയോഗവത്കരിക്കാന്‍ സീസിയെ അദ്ദേഹം പ്രേരിപ്പിച്ചു. നേരത്തെ പിടിച്ചുവെച്ച 57.5 കോടി ഡോളറിന്റെ സൈനിക സഹായം ഈജിപ്തിന് നല്‍കാന്‍ യു എസ് തീരുമാനിച്ചിട്ടുണ്ട്.
അപ്രഖ്യാപിത സന്ദര്‍ശനമാണ് കെറിയുടെത്. തിരഞ്ഞെടുപ്പിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന മുതിര്‍ന്ന യു എസ് ഭരണാധികാരിയാണ് അദ്ദേഹം. രാജ്യത്തെ സുരക്ഷാ വെല്ലുവിളികള്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും മുസ്‌ലിം ബ്രദര്‍ഹുഡുമായി കൂടുതല്‍ സൗഹാര്‍ദ സമീപനം വേണമെന്ന് സീസിയെ അദ്ദേഹം ധരിപ്പിച്ചു. വെല്ലുവിളികളില്‍ നിന്ന് ഈജിപ്തിനെ മോചിപ്പിക്കാനുള്ള നിര്‍ണായക സമയമാണ് ഇതെന്ന് കെറി പറഞ്ഞു. ഈ മാറ്റം ദ്രുതഗതിയിലും സുഗമമായും എത്രയും വേഗമുണ്ടാകാന്‍ പ്രസിഡന്റ് സീസിയുമായും മന്ത്രിസഭാംഗങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിലുള്ള മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാനും അമേരിക്ക ആവശ്യപ്പെടും.
ഈജിപ്തിനും യു എസിനുമിടയില്‍ ദീര്‍ഘകാല ബന്ധമാണുള്ളതെന്നും എന്നാല്‍ പുതിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ അങ്ങേയറ്റം ആശങ്കയുണ്ടെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കയുമായി ഈജിപ്ത് ഏറെ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. സീസി അധികാരമേറ്റ് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കെറിയുടെ സന്ദര്‍ശനം, ബന്ധം ശക്തമായി തുടരാനുള്ള യു എസിന്റെ ആഗ്രഹത്തെയാണ് കാണിക്കുന്നത്. അതേസമയം, കഴിഞ്ഞ നവംബറില്‍ ഈജിപ്ത് പ്രതിസന്ധി പരിഹരിക്കാനുള്ള കെറിയുടെ ഉപദേശം സീസി ചെവിക്കൊണ്ടിരുന്നില്ല.