Connect with us

Kerala

കേരളത്തില്‍ വിധവകളുടെ എണ്ണം വര്‍ധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അറുപത് വയസ്സിനു മുകളിലുള്ള വിധവകളുടെ എണ്ണം വര്‍ധിക്കുന്നു. ഇതേ പ്രായത്തിലുള്ള വിഭാര്യന്‍മാരേക്കാള്‍ വിധവകളുടെ എണ്ണം പത്ത് മടങ്ങ് കൂടുതലാണെന്ന് സെന്റര്‍ ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 60-67, 70-79, 80നു മുകളിലുള്ളവരുടെ ശരാശരി ശതമാനം 81.4 ആണ്. എന്നാല്‍ വിഭാര്യന്‍മാരുടെ ശതമാനം 8.6 ആണ്. ഇവ തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. 

ജീവിതകാലയളവ് സ്ത്രീകള്‍ക്ക് 78 വയസ്സുവരെയും പുരുഷന്‍മാര്‍ക്ക് 75 വയസ്സുവരെയുമാണ്. 60-69 വയസ്സുള്ള വിധവകളുടെ നിരക്കാണ് വര്‍ധിച്ചത്. 6.1 ശതമാനം വിഭാര്യന്‍മാരുള്ളപ്പോള്‍ 73.9 ശതമാനമാണ് വിധവകള്‍. സംസ്ഥാനത്ത് ഭാര്യമാരേക്കാള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് പ്രായം കൂടുതലാണെന്നതാണ് ഇതില്‍ ഒരു പ്രധാന കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. പുരുഷന്‍മാരുടെ മരണ നിരക്ക് പല രീതിയിലും വര്‍ധിക്കുന്നുണ്ട്. അപകട മരണമാണ് ഉദാഹരണമായി പറയുന്നത്.
സംസ്ഥാനത്ത് വാര്‍ധക്യം ബാധിച്ചവരെക്കുറിച്ച് മനസ്സിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാറിന്റെയും യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റേയും തുക ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. ബംഗളൂരുവിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് എകണോമിക് ചെയ്ഞ്ച് വഴിയായിരുന്നു സര്‍വേ. ഇത് 10,027 വാര്‍ധക്യം ബാധിച്ച സ്ത്രീകളിലും പുരുഷന്‍മാരിലുമായി ആറ് മാസം കൊണ്ടാണ് നടത്തിയത്. വാര്‍ധക്യം ബാധിച്ച വിധവകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും സര്‍വേയിലൂടെ സാധിച്ചിട്ടുണ്ട്.
വാര്‍ധക്യം ബാധിച്ചവരുടെ പ്രധാന ആവശ്യങ്ങളെന്തൊക്കെയാണെന്ന് മനസ്സിലാക്കുന്നതിന് സാമൂഹിക നീതി വകുപ്പും ഒരു സര്‍വേ നടത്തിയിരുന്നു. അവര്‍ നേരിടുന്ന മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെപ്പറ്റി അറിയാന്‍ സാധിച്ചിട്ടുണ്ട്.
ഏകാന്തതയാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമെന്നാണ് സര്‍വേകള്‍ പറയുന്നത്. പല സ്ഥലങ്ങളിലും മക്കള്‍ മാതാപിതാക്കള്‍ക്ക് ആവശ്യമായ പരിചരണവും സ്‌നേഹവും നല്‍കുന്നില്ല. പലരെയും വൃദ്ധസദനങ്ങളിലാക്കുന്നു. വിധവകളായ സ്ത്രീകള്‍ ഒറ്റപ്പെടലിന്റെ ദു:ഖം കൂടുതലായി അനുഭവിക്കുന്നുണ്ട്. പുരുഷന്‍മാരെ പോലെ ഇവര്‍ പുറത്തിറങ്ങി അധികം ഇടപെടുന്നില്ല എന്നതിനാല്‍ തന്നെ ഏകാന്തത പലപ്പോഴും ഇവരെ കൊണ്ടെത്തിക്കുന്നത് മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ്.
വിധവകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ജീവിതത്തിലുണ്ടായ മുറിവുകള്‍ തുടച്ചുനീക്കി മാനസികവും ശാരീരികവുമായി ആരോഗ്യവതികളാക്കി മാറ്റുന്നതില്‍ കുടുംബാംഗങ്ങളുടെ പങ്ക് വളരെ വലുതാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

 

Latest