Connect with us

Editorial

ഇറാഖിലെ അമേരിക്ക

Published

|

Last Updated

ഇറാഖ്, ശിഥിലീകരണത്തിന്റെ വക്കിലാണ്. അധിനിവേശത്തിന്റെ കൂടുതല്‍ ഭീതിദമായ നാളുകളാകും ഈ ശിഥിലീകരണത്തിന്റെ ആത്യന്തിക ഫലം. വംശീയതയുടെ പേരില്‍ ഊറ്റം കൊള്ളുകയും ആക്രമിക്കുകയും പ്രതിരോധിക്കുകയും പക്ഷം ചേര്‍ന്ന് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച പകരുകയും ചെയ്യുന്ന എല്ലാവരെയും ചരിത്രം അപ്പോള്‍ വിഡ്ഢികളെന്ന് വിളിക്കും. പ്രാദേശികമായി ചില ആക്രമണങ്ങള്‍ നടത്തുകയും സര്‍ക്കാറിന്റെ നിയമങ്ങളെ വെല്ലുവിളിക്കുകയും ചെയ്ത അത്രയൊന്നും ശക്തമല്ലാതിരുന്ന ഒരു സായുധ സംഘമായിരുന്നു ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ എസ് ഐ എല്‍-ഇസില്‍). ഇന്ന് നിരവധി പ്രവിശ്യകള്‍ അവരുടെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ ബഗ്ദാദിനടുത്തു വരെ അവര്‍ എത്തിയിരിക്കുന്നു. സിറിയന്‍ അതിര്‍ത്തി പോസ്റ്റില്‍ നിന്ന് സൈന്യത്തെ തുരത്താന്‍ അവര്‍ക്ക് സാധിച്ചു. അന്‍ബാര്‍ നഗരവും വീണുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല സായുധ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മറുപുറത്ത് ശിയാ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം ആയിരക്കണക്കിന് ശിയാ യുവാക്കള്‍ സൈന്യത്തോടൊപ്പം ചേര്‍ന്നിരിക്കുന്നു. മുഖ്താദാ അല്‍ സദറിന്റെ സേനയും രംഗത്തുണ്ട്. സംഘര്‍ഷ മേഖലയില്‍ ആയിരക്കണക്കിന് വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു. നാല്‍പ്പത് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇറാഖ് സര്‍ക്കാറിനോ അന്താരാഷ്ട്ര ശക്തികള്‍ക്കോ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയുടെ നില അങ്ങേയറ്റം പരുങ്ങലിലാണ്. അദ്ദേഹത്തിന്റെ ഏകപക്ഷീയമായ നയങ്ങളാണ് സ്ഥിതിഗതികളെ ഇത്ര വഷളാക്കിയതെന്ന വിമര്‍ശമുയര്‍ത്തിയത് ശിയാ നേതാവ് ആയത്തുല്ല അലി സിസ്താനി തന്നെയാണ്.
ഇറാഖില്‍ മാത്രമല്ല മധ്യപൗരസ്ത്യ ദേശത്താകെ സംജാതമാകുന്ന ഏത് രാഷ്ട്രീയ, സൈനിക പ്രതിസന്ധിക്കു പിന്നിലും അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികളുടെ കരങ്ങളുണ്ട്. ഊര്‍ജത്തിന്റെ അമൂല്യവും ലളിതവുമായ സ്രോതസ്സ് പെട്രോളിയം ആണെന്ന് വന്നതോടെ എണ്ണ സമ്പന്നമായ ഏത് മേഖലയിലും ഈ ശക്തികളുടെ കണ്ണുണ്ട്. അവിടെ നടക്കുന്ന ഏത് ചേരിപ്പോരിലും അവര്‍ പക്ഷം പിടിക്കും. കൊളോണിയല്‍ കാലത്തിന്റെ കറുത്ത നാളുകള്‍ക്ക് അന്ത്യം കുറിച്ച് പിന്‍വാങ്ങുമ്പോള്‍ തന്നെ ഈ മേഖലകളില്‍ വംശീയതയുടെ വിത്ത് വിതച്ചിരുന്നു അവര്‍. ഇറാഖിന്റെ കാര്യം തന്നെ എടുക്കാം. ശിയാ, കുര്‍ദ്, സുന്നി വിഭാഗങ്ങള്‍ ചേര്‍ന്ന ജനസഞ്ചയമാണ് ഇവിടെയുള്ളത്. സാമ്രാജ്യത്വം ഉപേക്ഷിച്ചു പോയ ഈ രാഷ്ട്രത്തിന്റെ അതിര്‍ത്തിനിര്‍ണയം തൊട്ട് അതത് കാലങ്ങളില്‍ ഭരണകര്‍ത്താക്കളെ ഏല്‍പ്പിച്ചതില്‍ വരെ ഏതെങ്കിലും ഒരു വംശീയ വിഭാഗത്തെ പ്രീണിപ്പിക്കുകയോ മറ്റ് വിഭാഗങ്ങളെ തഴയുകയോ ചെയ്തു സാമ്രാജ്യത്വ ശക്തികള്‍. സ്വയംനിര്‍ണയത്തിന് ഒരിക്കലും അനുവദിച്ചില്ല. രാജ്യത്ത് ഇറാന്റെ സ്വാധീനം അഥവാ ശിയാ സ്വാധീനം തടയാന്‍ സദ്ദാം ഹുസൈനെ മുന്നിലേക്ക് നീക്കി നിര്‍ത്തിയത് അമേരിക്കയാണ്. അദ്ദേഹം നടത്തിയ ശിയാ, കുര്‍ദ് വേട്ടക്ക് അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. പക്ഷേ എണ്ണ സമ്പത്തിന്റെ ദേശസാത്കരണത്തിലൂടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സദ്ദാം ശ്രമിച്ചപ്പോള്‍ ഇല്ലാത്ത കൂട്ട നശീകരണത്തിന്റെ പേരില്‍ ഇറാഖിനെ അമേരിക്ക ഉഴുതുമറിച്ചു. അമേരിക്ക കൂട്ടുപ്രതിയായ കുറ്റത്തിന് സദ്ദാമിനെ അവര്‍ തൂക്കിലേറ്റി.
പിന്നെ അമേരിക്ക ശിയാ വിഭാഗത്തിന്റെ കൂടെയായിരുന്നു. സൈന്യത്തെയും ഭരണസംവിധാനത്തെയാകെയും ശിയാവത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നൂരി അല്‍ മാലിക്കിയെ അധികാരത്തില്‍ അവരോധിച്ചു. അദ്ദേഹം ചെയ്തുകൂട്ടിയ അനര്‍ഥങ്ങളുടെ കൂടി ഫലമായി സംഭവിച്ച വംശീയ വിഭജനത്തില്‍ രാജ്യം തകരാന്‍ പോകുമ്പോഴും അദ്ദേഹം പ്രതീക്ഷിക്കുന്നത് അമേരിക്കയെയാണ്. എന്നാല്‍ ഇത്തവണ എടുത്തുചാടാന്‍ ആഭ്യന്തര സമ്മര്‍ദം അമേരിക്കയെ സമ്മതിക്കുന്നില്ല. ഒഴിഞ്ഞു മാറാന്‍ അവര്‍ക്കൊട്ട് സാധിക്കുകയുമില്ല. വല്ലാത്ത ധര്‍മസങ്കടത്തിലാണ് അവര്‍. ഡ്രോണ്‍ ആക്രമണം തുടങ്ങുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ കൃത്യമായ ആക്രമണ ലക്ഷ്യങ്ങള്‍ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് അത് നിര്‍ത്തി വെച്ചു. യുദ്ധക്കപ്പലുകള്‍ ഇറാഖ് തീരത്തെത്തിച്ച് സൈന്യത്തിന്റെ ആത്മവിശ്വാസം കൂട്ടാന്‍ ശ്രമിച്ചു. എല്ലാം നിഷ്ഫലമാക്കി വിമതര്‍ മുന്നേറുമ്പോള്‍ സൈന്യത്തെ ഉപദേശിക്കാന്‍ സൈനിക വിദഗ്ധരെ അയച്ചിരിക്കുകയാണ് യു എസ്. പ്രത്യക്ഷ ആക്രമണത്തിന്റെ വരുംവരായ്കകള്‍ വിലയിരുത്തുകയാണ് ഈ ഉപദേശകരുടെ യഥാര്‍ഥ ദൗത്യം. അതുകൊണ്ട് പ്രത്യക്ഷ ആക്രമണത്തിലേക്ക് തെന്നയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തം.
ഇറാഖില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കോടിക്കണക്കായ ഡോളര്‍ മുതല്‍മുടക്ക് ഉണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ നടത്തിയ സൈനിക പിന്‍മാറ്റം ഈ മുതല്‍മുടക്കുകാര്‍ക്ക് പിടിച്ചിട്ടില്ല. അതുകൊണ്ട് ഒരു പുനഃപ്രവേശം അനിവാര്യമാണ്. ഇസില്‍ സംഘത്തെ ഇപ്പോള്‍ ഇളക്കി വിട്ടത് അമേരിക്കന്‍ ചാരന്‍മാര്‍ തന്നെയാകാം. ഉക്രൈന്‍ പ്രശ്‌നത്തോടെ ലോക പോലീസ് പട്ടത്തിന് അല്‍പ്പം മങ്ങലേറ്റിട്ടുമുണ്ട്. അതൊന്ന് തിരിച്ചു പിടിക്കുകയും വേണം അവര്‍ക്ക്. പെട്രോ രാഷ്ട്രീയത്തിന്റെ തേര്‍വാഴ്ചയില്‍ അംഗച്ഛേദം വന്ന ഈ രാഷ്ട്രത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ദുഃഖിക്കുന്നവര്‍, ആനന്ദിക്കുന്നവര്‍ എന്നിങ്ങനെ ലോകം രണ്ടായി പിളര്‍ന്നിരിക്കുന്നു. മുസ്‌ലിം ലോകവും ഇത്തരത്തിലാണ് ചിന്തിക്കേണ്ടത്. ശിയാ-സുന്നി എന്ന നിലയിലാകരുത് സമീപനം. അകത്തുള്ളവരും പുറത്തുളളവരും അനുരഞ്ജനത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും സാധ്യതകള്‍ തേടട്ടെ. ഇറാഖിന് സൈനിക പരിഹാരമല്ല ഇന്ന് ആവശ്യം. രാഷ്ട്രീയ പരിഹാരമാണ്. സൈന്യത്തിന് മനസ്സുകള്‍ ഇണക്കാനാകില്ലല്ലോ.

---- facebook comment plugin here -----

Latest