Connect with us

National

യുവതിയെ നിരീക്ഷിച്ച സംഭവം: മുന്‍ സര്‍ക്കാറിന്റെ അന്വേഷണ ഉത്തരവ് റദ്ദാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വന്‍വിവാദത്തിന് വഴിവെക്കുകയും യു പി എ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത “യുവതിയെ നിരീക്ഷിക്കല്‍ കേസ്” സ്വാഭാവിക അന്ത്യത്തിലേക്ക്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ഒരു യുവതിയെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്നായിരുന്നു ആരോപണം. സംസ്ഥാനത്തെ പോലീസ് സംവിധാനം ഉപയോഗിച്ച് നടത്തിയ നിരീക്ഷണം വഴിവിട്ട ബന്ധത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. സംഭവം അന്വേഷിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ അന്വേഷണ ഉത്തരവ് റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം നീക്കമാരംഭിച്ചു കഴിഞ്ഞു.
2013 ഡിസംബര്‍ 26ലെ ഉത്തരവ് റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പ് കേന്ദ്ര കാബിനറ്റിന് മുമ്പാകെ ഉടന്‍ വെക്കും. ഇതോടെ നിരീക്ഷക്കല്‍ സംഭവത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ വെക്കാനുള്ള മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് അസാധുവാകും. കമ്മീഷനെ വെക്കാനുള്ള തീരുമാനം രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും എന്‍ ഡി എ സര്‍ക്കാര്‍ അത് പുനഃപരിശോധിക്കുമെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കിയിരുന്നു. അന്വേഷണത്തെ ബി ജെ പി ശക്തമായി എതിര്‍ത്തിരുന്നു. വിഷയത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരു അന്വേഷണം നടത്തുന്ന സ്ഥിതിക്ക് സമാന്തരമായ അന്വേഷണം വേണ്ടെന്നായിരുന്നു അവരുടെ നിലപാട്.
ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഫോണ്‍ വിവരങ്ങളും മറ്റും അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ചോര്‍ത്തിയ ബി ജെ പി സര്‍ക്കാറിന്റെ നടപടിയും ഇപ്പോഴത്തെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവും ഒരുമിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെയോ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെയോ നേതൃത്വത്തില്‍ കമ്മീഷനെ വെക്കാനായിരുന്നു മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ ഉത്തരവ്. കമ്മീഷന്‍ എന്‍ക്വയറി ആക്ട് അനുസരിച്ചായിരുന്നു തീരുമാനം.

Latest