Connect with us

Editorial

ഒരേ തൂവല്‍ പക്ഷികള്‍

Published

|

Last Updated

അധികാരമേറ്റ് ഒരു മാസം തികയുംമുമ്പ് നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ തനിനിറം പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു. ബി ജെ പിയുടെ സാമ്പത്തിക നയം കോണ്‍ഗ്രസിന്റെതില്‍ നിന്നും വ്യത്യസ്തമല്ലെന്ന പ്രഖ്യാപനം കൂടിയാണ് റെയില്‍വേ യാത്ര, ചരക്ക് കടത്ത് കൂലി ഒറ്റയടിക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനം. ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള അവശ്യസാധന വില കൂടാന്‍ ട്രെയിന്‍ നിരക്കുകള്‍ കൂട്ടിയ നടപടി കാരണമാകും. യാത്രാക്കൂലിയില്‍ 14.2 ശതമാനവും ചരക്ക്കടത്ത് കൂലിയില്‍ 6.5 ശതമാനവും സീസണ്‍ ടിക്കറ്റ് വില ഇരട്ടിയിലേറെയും വര്‍ധിപ്പിച്ചതിലൂടെ 8000 കോടി രൂപയുടെ അധിക ഭാരമാണ് മോദി സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഡീസല്‍ വില ലിറ്ററിന് 50 പൈസ പ്രതിമാസം കൂട്ടാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം മെയ് 30 മുതല്‍ നടപ്പാക്കിയതിലൂടെ തന്നെ മോദി സര്‍ക്കാര്‍ നയം വ്യക്തമാക്കിയതാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു കക്ഷിക്ക്,- ബി ജെ പിക്ക് -ലോക്‌സഭയില്‍ തനിച്ച് ഭൂരിപക്ഷം ലഭിച്ചത് ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലാണ്. 543 അംഗസഭയില്‍ ബി ജെ പിക്ക് തനിച്ച് 282 സീറ്റുകളുണ്ട്. “വരാനിരിക്കുന്നത് നല്ല നാളുകള്‍” എന്ന് നരേന്ദ്ര മോദി ജനങ്ങളെ ആശംസിച്ചത് തിരഞ്ഞെടുപ്പില്‍ കൈവരിച്ച തകര്‍പ്പന്‍ ജയത്തിന് ശേഷമാണ്. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് മോദി സര്‍ക്കാറിനെ നോക്കിക്കാണുന്നത്. ഒന്നും, രണ്ടും യു പി എ സര്‍ക്കാറുകളുടെ ഭരണത്തില്‍ സഹികെട്ട ജനങ്ങള്‍, അവസരം കൈവന്നപ്പോള്‍ അതിന് ചുട്ട മറുപടി നല്‍കുകയായിരുന്നു. യു പി എക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന് ലഭിച്ചത് 44 സീറ്റുകള്‍. യു പി എക്ക് മൊത്തം ലഭിച്ചത് 59 സീറ്റുകള്‍!. ഒരു പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേല്‍ക്കുന്ന ഏറ്റവും കനത്ത തിരിച്ചടിയാണിത്.
അധികാരത്തിലേറി ഒരു മാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത മോദി സര്‍ക്കാര്‍ കര്‍മത്തിലൂടെ ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അവകാശം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് അവസാനിപ്പിക്കണമെന്നും അധികാരം കേന്ദ്ര സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട പാര്‍ട്ടിയായിരുന്നു ബി ജെ പി. എന്നാല്‍ അവര്‍ അതെല്ലാം മറന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് എണ്ണ വില കൂടുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുമ്പോള്‍ ഇന്ധനവില കൂട്ടുകയല്ലാതെ രാജ്യത്തിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ നിലപാട് മാറ്റി ജനങ്ങളെ ഞെട്ടിച്ചു. അതിന്റെ തുടര്‍ച്ചയാണ് റെയില്‍വേ നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനത്തിലും കാണുന്നത്. അടുത്ത മാസം ആദ്യ ആഴ്ചയില്‍ റെയില്‍വെ ബജറ്റ് സമര്‍പ്പിക്കാനിരിക്കെ അതിന് മുമ്പ് ഒറ്റയടിക്ക് നിരക്ക് കൂട്ടിയത് പാര്‍ലിമെന്റിനെ മറികടക്കാനാണെന്ന് പറയാതെ വയ്യ. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ തീരുമാനം നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാകുകയായിരുന്നുവെന്ന റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ വാദം ബാലിശമാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ നല്‍കിയ പ്രഹരം മോദി സര്‍ക്കാറും വിസ്മരിക്കാതിരുന്നാല്‍ അവര്‍ക്ക് നല്ലത്. ഇനി പാചകവാതകത്തിന്റെ (എല്‍ പി ജി)വിലയും കൂട്ടാന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബസ് യാത്രയെ അപേക്ഷിച്ച് ട്രെയിന്‍ യാത്രാ നിരക്ക് കുറവാണ്. യാത്ര ഒരു വിധം സുരക്ഷിതവുമാണ്. ജനങ്ങള്‍ക്ക് ഏറെ സഹായകമായിരുന്നു അത്. ആശ്വാസമാണ് മോദി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും പിടിച്ച് പറിക്കുന്നത്. ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. റെയില്‍ പാളങ്ങള്‍ വേണ്ടവിധം പരിപാലിക്കപ്പെടുന്നില്ല. എന്‍ജിന്‍ തകരാറ് കാരണം ട്രെയിന്‍ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിയ സംഭവങ്ങള്‍ പുതുതല്ല. നവീകരണ പ്രക്രിയ റെയില്‍വേയില്‍ വേണ്ട തോതില്‍ നടക്കുന്നില്ല. ആവശ്യത്തിന് ബോഗികള്‍ ഇല്ല. “ടിക്കറ്റെടുത്ത് മാത്രം യാത്ര ചെയ്യുന്ന”കേരളീയര്‍ക്ക് ലഭിക്കുന്ന ട്രെയിനുകളിലെ എന്‍ജിനും ബോഗികളും “റെയില്‍ ബാബു”മാര്‍ക്ക് താത്പര്യമുള്ള ഇടങ്ങളില്‍ ഉപയോഗിച്ച് കാലഹരണപ്പെട്ടവയാണ്. എന്‍ജിനുകളില്‍ നിന്നും ബോഗികള്‍ വേറിട്ട് പോകുന്നതും മറ്റും സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. ദീര്‍ഘദൂര ട്രെയിനുകളില്‍ പലപ്പോഴും യാത്രക്കാര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. ശൗചാലയങ്ങള്‍ വേണ്ടവിധം പരിപാലിക്കുന്നില്ല. യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് പലപ്പോഴും ഗുണനിലവാരമില്ല. ലക്ഷക്കണക്കിന് തസ്തികകള്‍ വര്‍ഷങ്ങളായി ഒഴിഞ്ഞു കിടന്നിട്ടും നിയമനങ്ങള്‍ നടത്തുന്നില്ല. റെയില്‍വേയെ കുറിച്ചുള്ള പരാതികളില്‍ ഏറെയും മതിയായ ജീവനക്കാരില്ലാത്തതിനാലാണ്. പറക്കും ട്രെയിനുകളെക്കുറിച്ചുള്ള ചര്‍ച്ച റെയില്‍വേ ബോര്‍ഡില്‍ സജീവമായിരിക്കുമ്പോഴും നിലവിലുള്ള ട്രെയിനുകള്‍ സമയനിഷ്ഠ പാലിച്ചും, യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങളോട് കൂടിയും സര്‍വീസ് നടത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ആരും അത്ര പെട്ടെന്ന് തീരുമാനിക്കാറില്ല. ജനരോഷം ഭയന്ന് തന്നെയാണിത്. പക്ഷെ ഇത്തവണ അങ്ങനെയൊരു കൈയറപ്പ് സര്‍ക്കാറിന് കണ്ടില്ല. ജനകീയ മുഖമല്ല, രാക്ഷസ മുഖമാണ് ട്രെയിന്‍ നിരക്ക് വര്‍ധനയിലൂടെ പ്രകടമായത്. ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം.