Connect with us

Wayanad

വയനാട്ടിലേക്ക് പുറപ്പെട്ട ജവാനെക്കുറിച്ച് വിവരമില്ല

Published

|

Last Updated

ബത്തേരി: ഒഡീഷയിലെ കാരാപുട് ജില്ലയിയിലുള്ള ദമാന്‍ഗോഡി സെന്‍ട്രല്‍ ഇന്‍ഡസ്ട്രില്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ആസ്ഥാനത്തുനിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട ജവാനെക്കുറിച്ച് വിവരമില്ല. പത്ത് ദിവസത്തെ അവധിയില്‍ ഈമാസം 12ന് രാത്രി ദമാന്‍ഗോഡിയില്‍നിന്നു തിരിച്ച വാഴക്കണ്ടി കുറുമ കോളനിയിലെ കരുണന്‍-രേവതി ദമ്പതികളുടെ മകന്‍ ദിനേഷാണ്(28) ഇനിയും നാട്ടിലെത്താത്തത്. വ്യഥയിലായ കുടുംബാംഗങ്ങള്‍ സി. ഐ. എസ്. എഫ് ആസ്ഥാനത്ത് വിവരം അറിയിച്ചതിനു പുറമേ പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി, വയനാട് ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
നാല് വര്‍ഷമായി സി.ഐ.എസ്.എഫിലാണ് ദിനേഷ്. ഇക്കഴിഞ്ഞ മെയ് 18നായിരുന്നു വിവാഹം. പുല്‍പള്ളി ഇല്ലിയമ്പം കുറുമ കോളനിയിലെ മിധുവാണ് വധു. മെയ് 30ന് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയ ദിനേഷ് 10 ദിവസത്തെ അവധി ലഭിച്ചപ്പോള്‍ നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. 13ന് ഉച്ചയോടെ വാഴക്കണ്ടിയിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത ദിനേഷ് താന്‍ വിജയവാഡയില്‍ എത്തിയതായി അമ്മ രേവതിയോട് പറഞ്ഞിരുന്നു. യാത്ര ട്രെയിനിലോ, ബസിലോ എന്ന് വ്യക്തമാക്കിയിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദിനേഷ് നാട്ടിലെത്തിയില്ല.
ആവര്‍ത്തിച്ചുശ്രമിച്ചിട്ടും ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വീട്ടുകാര്‍ സി.ഐ.എസ്.എഫ് ആസ്ഥാനത്ത് വിവരം അറിയിച്ചത്. തുടര്‍ന്ന് മന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുകയായിരുന്നു. ദിനേഷിന് എന്തോ ആപത്ത് പിണഞ്ഞെന്ന ആകുലതയിലാണ് കുടുംബാംഗങ്ങള്‍.
ദിനേഷ് നാട്ടിലേക്ക് പുറപ്പെട്ടത് ട്രെയിനിലാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അന്വേഷിച്ചുവരികയാണെന്നുമാണ് സി.ഐ.എസ്.എഫ് ആസ്ഥാനത്തുനിന്ന് അറിയിച്ചതെന്ന് പിതാവ് കരുണന്‍ പറഞ്ഞു. ദിനേഷിന്റെ ബന്ധുക്കളുടെ പരാതി അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജയലക്ഷ്മിയുടെ ഓഫീസ് അറിയിച്ചു.

Latest