Connect with us

Wayanad

സംസ്ഥാനത്ത് ഭിന്നശേഷി സെന്‍സസ് നടത്തും :മന്ത്രി എം കെ മുനീര്‍

Published

|

Last Updated

കല്‍പ്പറ്റ: ഭിന്നശേഷിയുള്ളവരുടെ പൂര്‍ണ്ണവിവരങ്ങള്‍ ലഭിക്കുന്നതിന് സംസ്ഥാനത്ത് സെന്‍സസ് നടത്തുമെന്ന് പഞ്ചായത്ത് – സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോലിയും മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുന്നതിന് നടപടിയുണ്ടാവും.
കല്‍പ്പറ്റ എസ്. കെ. എം. ജെ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭിന്നശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗവൈകല്യമുള്ളവര്‍ക്കുള്ള പ്രത്യേക ഇന്‍ഷ്വറന്‍സ് പരിരക്ഷ രണ്ട് മാസത്തിനകം ആരംഭിക്കും. എം എല്‍ എമാര്‍ക്ക് ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിന് വികലാംഗക്ഷേമ കോര്‍പ്പറേഷനും ഗ്രാമപഞ്ചായത്തുകള്‍ക്കും ഫണ്ട് അനുവദിക്കുന്നതിനുള്ള നിയമതടസ്സം നീക്കുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന് പ്രാദേശിക കേന്ദ്രങ്ങളും ജില്ലയില്‍ ഉപകേന്ദ്രങ്ങളും ആരംഭിക്കും. ഭിന്നശേഷിയുള്ളവരെ പുനരധിവസിപ്പിക്കുന്നതിന് ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കും. സംസ്ഥാനത്തെ ഭിന്നശേഷിയുള്ള മുഴുവന്‍ ആളുകളുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമാവശ്യമായ പദ്ധതികള്‍ നടപ്പാക്കും. വികലാംഗക്ഷേമ-വികസന കോര്‍പ്പറേഷന് വിവിധ വകുപ്പുകളില്‍ നിന്നായി 8.5 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. വീല്‍ ചെയര്‍, മുച്ചക്രവാഹനം, കേള്‍വിസഹായി, ക്രച്ചസ്, വാക്കര്‍, വാട്ടര്‍ബെഡ്, ഊന്നുവടി തുടങ്ങി 20 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ക്യാമ്പിനോടനുബന്ധിച്ച് വിതരണം ചെയ്തത്.
എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, വികലാംഗ വികസന കോര്‍പ്പറേഷന്‍ എം.ഡി. ഡോ. റോഷന്‍ ബിജിലി, കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ചെയര്‍മാന്‍ പി.പി.എ. കരീം, വികലാംഗക്ഷേമ-വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.കെ. അഹമ്മദ്, കൊറ്റാളം വിമല്‍കുമാര്‍ തുടങ്ങിയവര്‍ ഉപകരണ വിതരണം നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.പി. ഹമീദ്, നഗരസഭാംഗം കെ.പ്രകാശന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍കാട്ടി, ജില്ലാ സാമൂഹികനീതി ഓഫീസര്‍ സി. സുന്ദരി തുടങ്ങിയവര്‍ സംസാരിച്ചു.

Latest