Connect with us

Palakkad

വികസനരംഗത്തെ തീരാശാപം സ്ഥലമേറ്റെടുപ്പ്: മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്: വികസനപദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുകയാണ് യു ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ലക്ഷ്യത്തിനുവേണ്ടി പൊതുമരാമത്തുവകുപ്പില്‍ നിരവധി പരിപാടികള്‍ ആസൂത്രണംചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണംപൂര്‍ത്തിയാക്കിയ പാലക്കാട് റെയില്‍വേ മേല്പാലം ഉദ്ഘാടംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനരംഗത്തെ ഏറ്റവും വലിയ ശാപമാണ് സ്ഥലമേറ്റെടുപ്പ്. കൂടാതെ നിര്‍മാണമേഖലയില്‍ വരുന്ന സാങ്കേതിക പ്രശ്‌നങ്ങളും തടസമാകുന്നു. ഇവ മറികടക്കാനാണ് പൊതുമരാമത്തുവകുപ്പിലുള്‍പ്പടെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം നിരവധി ചുമതലകള്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാരിന്റെ മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരം പദ്ധതികള്‍ ദ്രുതഗതിയില്‍ നടത്തിവരുന്നത്. ജനങ്ങളുടെ പൂര്‍ണമായ സഹകരണവും ആവശ്യമാണ്.
പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍, നിര്‍മാണം തുടങ്ങാനുള്ളവ തുടങ്ങി ഓരോ പദ്ധതികള്‍ക്കും ദിവസങ്ങളെണ്ണിയാണ് രൂപം നല്‍കിയിട്ടുള്ളത്. വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി സാമ്പത്തികപ്രതിസന്ധി വരുന്നില്ലെന്നും അര്‍പ്പണബോധംമാത്രംമതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു.
മുന്‍ റെയില്‍വേ സഹമന്ത്രി ഒ രാജഗോപാല്‍ മുഖ്യാതിഥിയായിരുന്നു. എം ബി രാജേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. ഷാഫി പറമ്പില്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, നഗരസഭാ ചെയര്‍മാന്‍ എ അബ്ദുള്‍ ഖുദ്ദൂസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എം സഹീദ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്, ദക്ഷിണ റെയില്‍വേ സി എ ഒ എം സതീശ് പങ്കെടുത്തു.

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് ജുലൈ 22ന്
പാലക്കാട്: മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ ജൂലൈ 22ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തും.

Latest