Connect with us

International

വെടിനിര്‍ത്തലിനിടെ ഉക്രൈന്‍ സൈന്യത്തിന് നേരെ വിമത ആക്രമണം

Published

|

Last Updated

കീവ്: ഉക്രൈന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ റഷ്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഉക്രൈന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചു. ഉക്രൈന്‍ സൈനിക താവളം പിടിച്ചടക്കാനും ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കമാണ് ആക്രമണമുണ്ടായത്. കിഴക്കന്‍ മേഖലയില്‍ വിമതശല്യം അവസാനിപ്പിക്കാനാണ് പ്രസിഡന്റ് പെട്രോ പ്രോഷങ്കോ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്.
മോര്‍ട്ടാറുകളും സ്‌നിപ്പര്‍ ഗണ്ണുകളും ഉപയോഗിച്ചാണ് വിമതര്‍ അതിര്‍ത്തിയിലെ ഇസ്‌വാറെനോയിലും ഉസ്‌പെങ്കയിലുമുള്ള പോസ്റ്റുകള്‍ ആക്രമിച്ചതെന്ന് സര്‍ക്കാര്‍ സൈനിക വക്താവ് അറിയിച്ചു. ആക്രമണത്തില്‍ ഒമ്പത് ഉക്രൈന്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഡൊണേറ്റ്‌സ്‌ക് നഗരത്തിന് സമീപമുള്ള അവ്ദ്യാവ്കയിലെ സൈനിക താവളം മെഷീന്‍ ഗണ്ണുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചാണ് വിമതര്‍ ആക്രമിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള സ്ലാവ്യാന്‍സ്‌കലും സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായി. എല്ലാ ആക്രമണങ്ങളിലും വിമതര്‍ക്കാണ് കനത്ത നഷ്ടമുണ്ടായതെന്നും നിരവധി വിമതര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു. അതേസമയം, അവ്ദ്യാവ്കയില്‍ സൈന്യം രണ്ട് പ്രാവശ്യം പ്രത്യാക്രമണം നടത്തി. ഇവിടുത്തെ സൈനിക താവളത്തില്‍ ഉപരിതല മിസൈല്‍ അടക്കം നിരവധി അത്യാധുനിക ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഡൊണേറ്റ്‌സ്‌കില്‍ ഡൊണേറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ കീഴിലുള്ള നൂറോളം സൈനികര്‍ പ്രോഷങ്കോയുടെ സൈന്യത്തെ നേരിടാന്‍ ദേശക്കൂറ് പ്രതിജ്ഞയെടുത്തു.
വെള്ളിയാഴ്ച രാത്രി ഒരാഴ്ചത്തെ വെടിനിര്‍ത്തലാണ് പ്രോഷങ്കോ പ്രഖ്യാപിച്ചത്. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് അദ്ദേഹം വിമതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രോഷങ്കോ പ്രസിഡന്റായി അധികാരമേറ്റ ഉടനെ വിമതര്‍ക്കെതിരെ അതിശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.

Latest