Connect with us

National

സി പി ഐ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത

Published

|

Last Updated

cpiന്യൂഡല്‍ഹി: സി പി ഐ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങളും ദേശീയ നേതൃത്വവും തമ്മില്‍ വാക്‌പോര്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കൈക്കൊണ്ട നയങ്ങള്‍ക്കെതിരെ കേരള അംഗങ്ങള്‍ രൂക്ഷ വിമര്‍ശമാണുന്നയിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് നേതൃത്വത്തിന്റെ സമീപനങ്ങള്‍ക്കെതിരെ കേരള നേതൃത്വം രൂക്ഷ വിമര്‍ശമുയര്‍ത്തിയത്. മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും കേരള അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രനുമാണ് കൊമ്പ് കോര്‍ത്തത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ദേശീയ നേതൃത്വത്തിന്റെ താത്പര്യമാണ് പ്രാവര്‍ത്തികമായതെന്നും ഇതിന് സംസ്ഥാന നേതാക്കള്‍ ഏറെ പഴികേള്‍ക്കെണ്ടിവന്നിട്ടുണ്ടെന്നും ചന്ദ്രന്‍ ആരോപിച്ചു. 

എന്നാല്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥി പാനലിന് അംഗീകാരം നല്‍കുകയാണ് കേന്ദ്ര നേതൃത്വം ചെയ്യുന്നതെന്നും തിരുവനന്തപുരത്തെ തോല്‍വി ദേശീയ നേതൃത്വത്തിന് മേല്‍ കെട്ടിവെക്കേണ്ടെന്നും തുടര്‍ന്നു സംസാരിച്ച എ ബി ബര്‍ദന്‍ പറഞ്ഞു. ജയിച്ചാല്‍ പിതൃത്വം ഏറ്റെടുക്കാനാളുണ്ടാകുമെന്നിരിക്കെ തോല്‍വിയുടെ പേരില്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കേണ്ടെന്ന് അദ്ദേഹം സംസ്ഥാന നേതാക്കളെ ഉണര്‍ത്തി. തെലങ്കാനയിലെ രാഷ്ട്രീയ ലൈനും യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടു.
തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഹകരിച്ചത് പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്. കോണ്‍ഗ്രസിനെയും ബി ജെ പിയെയും എതിര്‍ക്കുമെന്ന പ്രഖ്യാപിത നിലപാടിനെ ഇത് ദുര്‍ബലപ്പെടുത്തി. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് ഇതിന് ഉത്തരവാദിയെന്നും കേരള നേതാക്കള്‍ ആരോപിച്ചു.