Connect with us

Kerala

ട്രെയിന്‍ നിരക്ക് വര്‍ധന; വ്യാപക പ്രതിഷേധവുമായി സംഘടനകള്‍

Published

|

Last Updated

തിരുവനന്തപുരം: ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ കൂട്ടിയതിനെതിരെ വ്യാപക പ്രതിഷേധം. കേരളത്തിന് പുറത്ത് പ്രധാനമന്ത്രിയുടെ കോലം കത്തിക്കലടക്കമുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയപ്പോള്‍ സംസ്ഥാനത്ത് യുവജന സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി തെരുവിലിറങ്ങി. കേരളത്തില്‍ യുവജന സംഘടനകള്‍ ട്രെയിനുകള്‍ തടഞ്ഞു. ഡല്‍ഹിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ട്രെയിന്‍ നിരക്ക് കൂട്ടിയതിനെതിരെ യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലുണ്ടായത്. തിരുവനന്തപുരത്തും ആലുവയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. രാവിലെ പത്തരയോടെ ബംഗളൂരുവില്‍ നിന്നെത്തിയ ഐലന്‍ഡ് എക്‌സ്പ്രസ് ആലുവയില്‍ തടഞ്ഞതോടെ ട്രെയിന്‍ പത്ത് മിനിറ്റ് വൈകി. തിരുവനന്തപുരത്ത് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം പാര്‍ലിമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധം യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി സൂചിപ്പിച്ച കടുത്ത നടപടികള്‍ക്ക് കുത്തനെയുള്ള റെയില്‍വേ നിരക്ക് വര്‍ധനയിലൂടെ എന്‍ ഡി എ സര്‍ക്കാര്‍ തുടക്കം കുറിച്ചതായി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എല്ലാ നിരക്കു വര്‍ധനകളെയും പ്രതിപക്ഷത്തിരുന്ന് എതിര്‍ത്ത ബി ജെ പി ഇപ്പോള്‍ ഇരട്ട മുഖമാണു തങ്ങള്‍ക്കുള്ളതെന്ന് തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്നതില്‍ നിന്ന് കടകവിരുദ്ധമായ നിലപാടുകളാണ് ഭരണത്തിലെത്തിയപ്പോള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള എക്‌സ്പ്രസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പതിനൊന്നരയോടെ എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രകടനത്തിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സി പി എം നേതാക്കള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട മണ്ഡലമായ വാരാണസിയില്‍ മോദിയുടെ കോലം കത്തിച്ചായിരുന്നു സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം.

Latest