Connect with us

Kerala

അനധികൃത ബി പി എല്‍ കാര്‍ഡുകള്‍: റേഷന്‍ കടകളില്‍ പരിശോധനക്ക് നീക്കം

Published

|

Last Updated

കൊച്ചി: ബി പി എല്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്താന്‍ റേഷന്‍ കടകള്‍ തോറും പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സിവില്‍ സ്റ്റേഷന്‍ ജില്ലാ പ്ലാനിംഗ് ഓഡിറ്റോറിയത്തില്‍ ബി പി എല്‍ കാര്‍ഡ് ഇന്‍ വണ്‍ മന്‍ത്(ബി കോം) പദ്ധതി പ്രകാരം 300 ഗുണഭോക്താക്കള്‍ക്ക് കാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബി പി എല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചാല്‍ മറ്റു നടപടികളുണ്ടാകില്ല. എന്നാല്‍ ഇതിനായുള്ള പരിശോധനാ സംഘങ്ങള്‍ പിടികൂടിയാല്‍ ജീവനക്കാര്‍ വകുപ്പുതല അച്ചടക്ക നടപടി നേരിടേണ്ടിവരുന്നതിനൊപ്പം ഇതിനുണ്ടായ സാമ്പത്തിക ചെലവും വഹിക്കേണ്ടി വരും. തിരുവനന്തപുരത്ത് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ ഇതിനകം പിടിയിലായതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതോടെ ബി പി എല്‍ കാര്‍ഡുകാര്‍ “പ്രയോറിറ്റി” ഗണത്തിലാകും. ഇവരെ ബി പി എല്‍ ആയിത്തന്നെ സര്‍ക്കാര്‍ പരിഗണിക്കും. 2009 ല്‍ സംസ്ഥാനത്ത് നടത്തിയ ബി പി എല്‍ സര്‍വേ പരാജയമായിരുന്നുവെന്നും അതുണ്ടാക്കിയ പൊല്ലാപ്പ് മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോഴുളള പ്രധാന പരാതി അര്‍ഹരായവര്‍ക്ക് ബി പി എല്‍ കാര്‍ഡ് ലഭിക്കുന്നില്ലെന്നായിരുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ഈ ആവശ്യത്തിനായിരുന്നു അപേക്ഷകള്‍ ഏറെയും. കാര്‍ഡില്ലാത്തതു മൂലം അര്‍ഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നതായാണ് പരാതി. ഇതു പരിഹരിക്കാനാണ് ബി കോം പദ്ധതിക്കു തുടക്കമിട്ടത്. ഇതില്‍ ജില്ലാ കലക്ടര്‍മാരുടെ പങ്ക് വളരെ വലുതാണെന്നു പറഞ്ഞ മന്ത്രി, ഒരു മാസത്തിനകം 300 അര്‍ഹരായവരെ കണ്ടെത്തി കാര്‍ഡ് നല്‍കാന്‍ നടപടിയെടുത്ത ജില്ലാ കലക്ടര്‍ എം ജി .രാജമാണിക്യത്തെ പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങില്‍ ബെന്നി ബഹനാന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭാധ്യക്ഷന്‍ ഷാജി വാഴക്കാല, ഇന്‍ഫര്‍മേഷന്‍ വകുപ്പ് മേഖലാ ഉപഡയറക്ടര്‍ കെ എസ് സുധ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ ഗിരിജ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍ വിനോദിനി, കൗണ്‍സിലര്‍ വര്‍ഗീസ് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കലക്ടര്‍ എം ജി .രാജമാണിക്യം സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

 

Latest