Connect with us

Kerala

പനിച്ച് വിറച്ച് കേരളം; ഡെങ്കിയും എലിപ്പനിയും പടരുന്നു

Published

|

Last Updated

fever thermometerമലപ്പുറം: മഴ ശക്തമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടി. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് നൂറ്കണക്കിന് പേരാണ് ദിവസവും ആശുപത്രികളിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം പേരാണ് ഇത്തവണ പനി പിടിച്ച് ആശുപത്രികളിലെത്തുന്നത്. ഈ മാസം ഇതുവരെയായി 7420 പേരെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം അഡ്മിറ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 545 പേരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 17,236 പേരാണ് ചികിത്സ തേടി ആശുപത്രികളുടെ ഒ പികളിലെത്തിയത്. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നത്. വ്യാഴാഴ്ച 16,516 പേര്‍ പനി ബാധിച്ച് ചികിത്സക്കെത്തിയ അഞ്ഞൂറ് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. എറണാകുളം, ആലപ്പുഴ തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പനി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാത്രം തിരുവനന്തപുരം ജില്ലയില്‍ 5,545 പേരാണ് സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചത്. ഇവരില്‍ മൂന്ന് പേര്‍ക്ക് വീതം ഡെങ്കിയും എലിപ്പനിയുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 4,651 പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ പനി ബാധിച്ചത്. ആലപ്പുഴയില്‍ 3,574 പേരും പനിക്ക് ചികിത്സ തേടി. ഇവരില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനിയാണ് പിടിപെട്ടത്. കൊല്ലത്തും കോഴിക്കോട്ടുമാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഇവിടെ അഞ്ച് പേര്‍ ഡെങ്കിപ്പനിയുമായി ആശുപത്രികളിലെത്തി. 26 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കി റിപോര്‍ട്ട് ചെയ്തതെങ്കില്‍ പത്ത് പേര്‍ക്ക് എലിപ്പനിയാണുള്ളത്. മൂന്ന് പേരാണ് എലിപ്പനിയുമായി തിരുവനന്തപുരത്തെ ആശുപത്രികളിലെത്തിയത്. കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് ടൈഫോയിഡും ഒരാള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗവും കണ്ടെത്തിയിട്ടുണ്ട്. 

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം രേഖപ്പെടുത്താതിരിക്കുന്നതിനാല്‍ പനി ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കും.
കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് മരിച്ച 29 പേരില്‍ അഞ്ച് പേര്‍ തിരുവനന്തപുരം ജില്ലക്കാരായിരുന്നു. കൊല്ലം (1440), പത്തനംതിട്ട (712), ഇടുക്കി (401), കോട്ടയം (962), തൃശൂര്‍ (2094), പാലക്കാട് (1308), മലപ്പുറം (2285), കോഴിക്കോട് (878), വയനാട് (551), കണ്ണൂര്‍ (1635), കാസര്‍കോട് (448) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പനി ബാധിതരുടെ എണ്ണം. പനിയോടൊപ്പം മഞ്ഞപ്പിത്തവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് ഇവ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. കാലവര്‍ഷം ശക്തമാകുന്നതോടെ രോഗബാധിതരുടെ എണ്ണവും വര്‍ധിക്കാനാണ് സാധ്യത. പനി ബാധിതരെ ചികിത്സിക്കാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കും. പനിയുടെ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

---- facebook comment plugin here -----

Latest