Connect with us

Sports

അല്‍വാരോ സംഭവം: ഫിഫയോട് ഫിഫ്‌പ്രോ ചോദിക്കുന്നു കളിക്കാരുടെ ജീവന് വിലയില്ലേ ?

Published

|

Last Updated

സാവോപോളോ: കളിക്കാരുടെ ജീവന് പ്രാധാന്യം നല്‍കുന്നതില്‍ ഫിഫ പിറകോട്ട് പോകുന്നുവെന്ന് രാജ്യാന്തര പ്രൊഫഷണല്‍ താരങ്ങളുടെ സംഘടനയായ ഫിഫ്‌പ്രോ വിമര്‍ശിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബോധരഹിതനായ ഉറുഗ്വെ ഡിഫന്‍ഡര്‍ അല്‍വാരോ പെരേരയെ ടീം ഡോക്ടര്‍മാര്‍ എതിര്‍ത്തിട്ടും സ്വന്തം ഇഷ്ടപ്രകാരം മത്സരത്തില്‍ തുടരാന്‍ അനുവദിച്ചതാണ് വിവാദമായത്. ഇംഗ്ലണ്ട് വിംഗര്‍ റഹീം സ്റ്റെര്‍ലിംഗിന്റെ കാല്‍മുട്ട് തലയിലിടിച്ചതോടെ പേരേരയുടെ ബോധം പോയി. ഇതേക്കുറിച്ച് പെരേര പിന്നീട് പറഞ്ഞത് കണ്ണിലെ വെളിച്ചം പോയതു പോലെ എന്നാണ്. ഉറുഗ്വെ ക്യാപ്റ്റന്‍ ഡിയഗോ ഗോഡിന്‍ സഹതാരത്തിന്റെ നില ഗുരുതരമാണെന്ന് കണ്ടതോടെ പ്രഥമശുശ്രൂഷ നല്‍കാനൊരുങ്ങി. റഫറി ഇടപെട്ടു, ഡോക്ടര്‍മാര്‍ പരിചരണത്തിനെത്തി. അപ്പോഴും ബോധമില്ലാതെ കിടക്കുകയായിരുന്നു പേരേര. ഡോക്ടര്‍ ആല്‍ബര്‍ട്ടോ പാന്‍ അടിയന്തര ശുശ്രൂഷ നല്‍കിയതിന് ശേഷം സബ്സ്റ്റിറ്റിയൂഷന് ആംഗ്യം കാണിച്ചു. പക്ഷേ, പെരേരക്ക് കളിക്കാനായിരുന്നു ആഗ്രഹം. സബ്സ്റ്റിറ്റിയൂഷന്‍ ചെയ്യരുതെന്ന് ആര്‍ത്തുവിളിച്ച പേരേര ഡോക്ടറെ പിടിച്ചൊന്ന് തള്ളുകയും ചെയ്തു. ഡോക്ടറുടെ വാക്കുകള്‍ക്ക് പുല്ലുവില. അല്‍വാരോ കളി തുടര്‍ന്നു.
ഇത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഫിഫപ്രോ. ഫിഫ ഒഫിഷ്യലുകള്‍ കാഴ്ചക്കാരായി നിന്നു. മത്സരത്തിനിടെ അല്‍വാരോക്ക് അത്യാഹിതം സംഭവിച്ചിരുന്നെങ്കില്‍ ഫിഫ ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നോ എന്ന് ഫിഫ്‌പ്രോ ചോദിക്കുന്നു.
ടീം ഡോക്ടറുടെ വാക്കുകള്‍ക്ക് ഫിഫ ഒഫിഷ്യലുകളും ടീം അധികൃതരും ചെവികൊടുക്കാതിരുന്നത് ഫിഫ അന്വേഷിക്കണമെന്നും ഫിഫ്‌പ്രോ ആവശ്യപ്പെട്ടു.