Connect with us

Articles

പ്രവീണ്‍ തൊഗാഡിയയുടെ മുഖച്ഛായയുള്ള ബുദ്ധഭിക്ഷുക്കള്‍

Published

|

Last Updated

ശ്രീലങ്കയില്‍ നിന്നുള്ള വാര്‍ത്തകളുടെ കേന്ദ്രം ഇന്ന് അലുത്ഗാമയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും പരജീവി സ്‌നേഹത്തിന്റെയും ബോധോദയം ലോകത്തിന് സമ്മാനിച്ച ഒരു മതത്തിന്റെ വക്താക്കള്‍ അവര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുമെന്നതിന്റെ ഏറ്റവും ക്രൂരമായ മാതൃകയാണിന്ന് ഈ തെക്ക് പടിഞ്ഞാറന്‍ നഗരം. ബുദ്ധ ഭീകര സംഘടനയായ ബോധു ബല സേന (ബി ബി എസ്) മേഖലയില്‍ നടത്തിയ നരനായാട്ട് ലോകത്താകെയുള്ള മനുഷ്യസ്‌നേഹികളെ ഞെട്ടിച്ചിരിക്കുന്നു. 


ഇത് അലുത്ഗാമ. പടിഞ്ഞാറന്‍ ശ്രീലങ്കയില്‍ കാലുതാരാ ജില്ലയിലെ തീരദേശ വിനോദ സഞ്ചാര കേന്ദ്രം. രാജ്യത്തിന്റെ ജനസഞ്ചയത്തിലെ മിക്ക വിഭാഗങ്ങളും ചേര്‍ന്ന് കഴിയുന്ന സങ്കലിത സമൂഹിക സാഹചര്യമാണ് അലുത്ഗാമയില്‍. സിംഹളരും മുസ്‌ലിംകളും വിദേശികളുമെല്ലാം ഇവിടെ സമാധാനപരമായ സഹവര്‍തിത്വം പുലര്‍ത്തിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഹജമായ ആഘോഷ സംസ്‌കാരം മറ്റിടങ്ങളെല്ലാം സംഘര്‍ഷ ഭരിതമായപ്പോഴും ശാന്തമായി നിലകൊള്ളാന്‍ ഈ പ്രദേശത്തെ സഹായിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ശ്രീലങ്കയില്‍ നിന്നുള്ള വാര്‍ത്തകളുടെ കേന്ദ്രം ഇന്ന് അലുത്ഗാമയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും പരജീവി സ്‌നേഹത്തിന്റെയും ബോധോദയം ലോകത്തിന് സമ്മാനിച്ച ഒരു മതത്തിന്റെ വക്താക്കള്‍ അവര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുമെന്നതിന്റെ ഏറ്റവും ക്രൂരമായ മാതൃകയാണിന്ന് ഈ തെക്ക് പടിഞ്ഞാറന്‍ നഗരം. ബുദ്ധ ഭീകര സംഘടനയായ ബോധു ബല സേന (ബി ബി എസ്) മേഖലയില്‍ നടത്തിയ നരനായാട്ട് ലോകത്താകെയുള്ള മനുഷ്യസ്‌നേഹികളെ ഞെട്ടിച്ചിരിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നത്. നാല് പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നൂറ് കണക്കിനാളുകള്‍ക്ക് ഗുരുതരമായ പരുക്കേറ്റു. മുസ്‌ലിംകളുടെ വീടുകള്‍ക്ക് തീവെച്ചു. കൊളളയടിച്ചു. പള്ളികളില്‍ അഭയം തേടിയവരെപ്പോലും വെറുതെ വിട്ടില്ല. പള്ളി ആക്രമിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. മുസ്‌ലിംകളുടെ കടകളും മറ്റ് സ്ഥാപനങ്ങളും തിരഞ്ഞ് പിടിച്ച് ആക്രമിച്ചു. മേഖലയില്‍ നിന്ന് മുസ്‌ലിംകള്‍ മുഴുവന്‍ ഒഴിഞ്ഞ് പോകണമെന്നാണ് ആക്രോശം.

Galagoda-Atte-Gnanasara-and
പ്രസിഡന്റ് മഹീന്ദാ രജപക്‌സെ സ്ഥലത്തെത്തി ഇരകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുമുണ്ട്. പക്ഷേ, മുസ്‌ലിംകള്‍ നിതാന്തമായ ഭീതിയിലാണ്. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും അത് ലംഘിച്ച് അക്രമം തുടര്‍ന്നവരാണ് ബോധു ബല സേനക്കാര്‍. പട്ടാളവും പോലീസുമൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. ജീവിത ഉപാധികളും വീടുകളും നഷടപെട്ടവര്‍ക്ക് പോകാനിടമില്ല. അക്രമം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. അലുത്ഗാമയിലെ മുസ്‌ലിംകളുടെ ബന്ധുക്കള്‍ താമസിക്കുന്ന സമീപസ്ഥ പ്രദേശങ്ങളിലും ബുദ്ധ തീവ്രവാദികള്‍ ആയുധങ്ങളുമായി എത്തുന്നു. ഇങ്ങനെ അടിച്ച് തകര്‍പ്പെട്ട പ്രദേശങ്ങളിലൊന്നാണ് സീനാവത്തെ. ഇവിടെ മൂന്ന് മക്കളുടെ മുത്തശ്ശിയായ, എണ്‍പത്കാരി ഫസ്‌നിയ ഫൈറൂസ് സി എന്‍ എന്‍ ലേഖകനോട് പറഞ്ഞു: ഞങ്ങളെ വെറുതെ വിടണമെന്ന് അവരോട് കാലു പിടിച്ച് കേണു. പക്ഷേ ഞങ്ങളെ ക്രൂരമായി മര്‍ദിക്കുകയാണ് അവര്‍ ചെയ്തത്. തെറിവിളിച്ചു അവര്‍. വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചു. വീട്ടിലെ മുഴുവന്‍ സാധനങ്ങളും കൊള്ളയടിച്ചു”. യു എസ് പൗരത്വമുള്ള റംസീന നിസാര്‍ അവധിക്കാലത്ത് തറവാട് വീട്ടില്‍ വന്നതാണ്. അക്രമികള്‍ അവരെയും വെറുതെ വിട്ടില്ല. ബുദ്ധ ഭിക്ഷുക്കള്‍ ഇങ്ങനെ വംശീയ വെറിയുള്ളവരാകുമെന്നത് തന്റെ സങ്കല്‍പ്പത്തില്‍ പോലുമില്ലാത്ത കാര്യമാണെന്നാണ് അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ശ്രീലങ്കയില്‍ നടക്കുന്നത് ലോകത്തോട് വിളിച്ചു പറയാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് അവര്‍.

ജൂണ്‍ 15നാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് ഹേതുവെന്ന് സര്‍ക്കാറും സിംഹള വിഭാഗവും പ്രചരിപ്പിക്കുന്ന സംഭവം നടന്നത്. കാറിലെത്തിയ ബുദ്ധ സന്യാസി വേഷധാരിയും ഏതാനും മുസ്‌ലിം ചെറുപ്പക്കാരും തമ്മില്‍ പട്ടണത്തില്‍ നടന്ന കശപിശയാണ് മഹാസംഭവമായി അവതരിപ്പിക്കപ്പെടുന്നത്. കാര്‍ ഡ്രൈവറുമായാണ് യഥാര്‍ഥത്തില്‍ പ്രശ്‌നമുണ്ടായത്. അതിന്റെ കാരണം പേലും ഇന്ന് അന്തരീക്ഷത്തിലില്ല. സന്യാസി വേഷധാരി പ്രകോപിതനായി. തന്നെ അപമാനിച്ചുവെന്ന് കരഞ്ഞ് വിളിച്ച് ബോധ ബല സേനാ നേതാക്കളുടെ അടുത്തെത്തി. അവസരത്തിന് കാത്തിരിക്കുന്നത് പോലെയായിരുന്നു അവരുടെ പിന്നത്തെ നീക്കം. ബി ബി എസ് കൂറ്റന്‍ പ്രതിഷേധ സമ്മേളനം പ്രഖ്യാപിച്ചു. സംഘര്‍ഷത്തിലേക്കുള്ള വാതിലാണ് ഈ സമ്മേളനമെന്ന് മനസ്സിലാക്കിയിട്ടും പോലീസ് അനുമതി നല്‍കി. ഇന്ത്യയിലെ തൊഗാഡിയെയും അമിത്ഷായെയും പോലെ വാക്കുകള്‍ കൊണ്ട് കലാപമുണ്ടാക്കാന്‍ മിടുക്കുള്ള ബി ബി എസ് ഭീകര നേതാവ് ഗലഗോഡ അത്തേ ജ്ഞാനസാരയാണ് സമ്മേളനത്തില്‍ പ്രസംഗിച്ചത്. ഈ സമ്മേളനം കഴിയുന്നതോടെ നഗരത്തില്‍ ഒറ്റ മുസ്‌ലിമും ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. രാജ്യത്തെ എഴുപത് ശതമാനത്തിലധികം വരുന്ന ബുദ്ധമതക്കാരുടെ ഇച്ഛക്കനുസരിച്ച് ജീവിക്കാനുള്ള അവകാശമേ മുസ്‌ലിംകള്‍ക്കുളളൂ. അതിലപ്പുറം അവര്‍ നീങ്ങേണ്ടതില്ല. അവര്‍ ഇവിടെ അനുഭവിക്കുന്ന പൗരത്വം ഞങ്ങളുടെ ഔദാര്യമാണ്-ഇങ്ങനെ പോകുന്നു ജ്ഞാനസാരയുടെ പ്രസംഗം. സമ്മേളനം കഴിഞ്ഞിറങ്ങിയവര്‍ നഗരത്തില്‍ അഴിഞ്ഞാടി. ആയുധങ്ങളുമായാണ് അവര്‍ സമ്മേളനത്തിന് എത്തിയിരുന്നത്. തടര്‍ന്നുള്ള ദിനങ്ങളിലും നരനായാട്ട് തുടര്‍ന്നു. മേഖലയില്‍ നിന്ന് ഇപ്പോഴും ഭീതിയൊഴിഞ്ഞിട്ടില്ല.

aluthgama-srilanka

ജതികാ ഹെലാ ഉറുമയ (ജെ എച്ച് യു) എന്ന പരമ്പരാഗത ബുദ്ധ സംഘടനയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് ബോധു ബല സേന രൂപവത്കരിച്ചത്. ജെ എച്ച് യുവിന് തീവ്രത പോരെന്നാരോപിച്ച് ഇറങ്ങിവന്നവരാണ് ബി ബി എസിന്റെ നേതാക്കള്‍. 2000ത്തോടെ സേനയുടെ പ്രവര്‍ത്തനം സജീവമായി. രാജ്യത്ത് മുസ്‌ലിം തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നുവെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. പള്ളികളെയും മദ്‌റസകളെയും അവര്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. ഇവ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം നടക്കുന്നുവത്രേ. ലൗ ജിഹാദ് നുണക്ക് സമാനമായ നുണകള്‍ ഇടക്കിടക്ക് എഴുന്നള്ളിക്കും. സ്‌കൂളുകളില്‍ ചരിത്രം പഠിപ്പിക്കാന്‍ ബുദ്ധ ഭിക്ഷുക്കളെ നിയമിക്കണമെന്നത് പോലുള്ള ആവശ്യങ്ങള്‍ നിരത്തി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തും. ഈ ബുദ്ധ ഭിക്ഷു എന്നൊക്കെ കേട്ടാല്‍ മഹാസാത്വികരെന്ന് ധരിക്കേണ്ട. അത്തരക്കാരൊന്നും ബി ബി എസിലില്ല. ഇവിടെ ഇന്ത്യയില്‍ പരമസാധുക്കളായ എത്ര ഹിന്ദു സന്യാസിമാരുണ്ട്. തീവ്രവലതുപക്ഷ ഹിന്ദുത്വ നിലപാടുകളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ഈ മനുഷ്യരെ സംഘ്പരിവാര്‍ അടുപ്പിക്കുന്നുണ്ടോ?

srilankan muslim

ബുര്‍ഖക്കും അബായക്കുമെതിരെ ബി ബി എസ്‌നിരന്തരം പ്രചാരണം നടത്തുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകളെ ആക്രമിക്കുന്നു. കഴിഞ്ഞ വര്‍ഷം ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനത്തിനെതിരെ പ്രച്ണ്ഡ പ്രചാരണം നടത്തിയിരുന്നു. ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമയാണ് മാംസ ഉത്പന്നങ്ങള്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇത് മുസ്‌ലിംകളുടെ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രമാണെന്ന് ബി ബി എസ് ആരോപിക്കുന്നു. മാത്രമല്ല ജംഇയ്യത്തുല്‍ ഉലമ ഇതില്‍ നിന്ന് വന്‍ തുക സമ്പാദിക്കുന്നുമുണ്ടത്രേ. ഈ തുക തീവ്രവാദ സംഘടനയിലേക്കാണ് പോകുന്നതെന്നും ബുദ്ധ ഭീകരവാദികള്‍ ആരോപിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരവധി ഹലാല്‍ ഷോപ്പുകള്‍ ബി ബി എസ് തീവ്രവാദികള്‍ അടിച്ചു തകര്‍ത്തു. വന്‍ സുരക്ഷാ പ്രശ്‌നമായി ഇത് വളര്‍ന്നതോടെ രാജ്യത്തെ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലിമെന്റംഗങ്ങളില്‍ ചിലരും വിഷയം പാര്‍ലിമെന്റില്‍ ഉന്നയിച്ചു. ഒടുവില്‍ പ്രസിഡന്റ് മഹീന്ദാ രജപക്‌സെ തന്നെ ഇടപെട്ടു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നടത്താനുള്ള അധികാരം സര്‍ക്കാറിന് കൈമാറാന്‍ ജംഇയ്യത്തുല്‍ ഉലമ തയ്യാറായി. തടര്‍ന്ന് ബി ബി എസ് പ്രതിനിധികളുമായി സംസാരിച്ച് സര്‍ക്കാര്‍ ഒരു മാര്‍ഗ രേഖ പുറപ്പെടുവിച്ചു. സിംഹള ഗ്രൂപ്പുകള്‍ ഇത്തരം വൈകാരിക പ്രശ്‌നങ്ങളില്‍ സംയമനത്തോടെ ഇടപെടണമെന്നായിരുന്നു പ്രധാന നിര്‍ദേശം. പ്രത്യക്ഷത്തില്‍ ബോധു ബല സേനക്ക് പ്രതികൂലമെന്ന് തോന്നുന്ന തീര്‍പ്പായിരുന്നു അത്. ചര്‍ച്ച കഴിഞ്ഞിറങ്ങിയ ജ്ഞാനസരയുടെ നേതൃത്വത്തിലുള്ള തീവ്രവാദി സംഘം സര്‍വ വ്യവസ്ഥകളും ലംഘിച്ച് തെരുവിലിറങ്ങി അക്രമം പുനരാരംഭിച്ചു. അന്നാണ് രജപക്‌സെയുടെ ഒത്തുകളി പുറത്തായത്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം തന്നെ നിരോധിക്കുകയാണ് അദ്ദേഹം ചെയ്ത “പരിഹാരം”. സര്‍ക്കാറിന്റെ ഒത്താശയോടെ സര്‍ക്കാറിന് വേണ്ടിയാണ് ബി ബി എസ് അടക്കമുള്ള ബുദ്ധ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് അമേരിക്കയടക്കമുളള രാജ്യങ്ങള്‍ ബി ബി എസിനെ ഭീകര സംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

aluthgama-clash

അലുത്ഗാമയിലും പരിസരത്തുമുള്ള സംഘര്‍ഷം പെട്ടെന്നുണ്ടായ പ്രാദേശിക പ്രശ്‌നമായി തള്ളിക്കളയാമായിരുന്നു. ഭൂരിപക്ഷ വികാരം വ്രണപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം. ഗുജറാത്തിലും അങ്ങനെയാണല്ലോ നരേന്ദ്ര മോദിയും സംഘവും പറഞ്ഞിരുന്നത്. ഹിന്ദു വികാര പ്രകടനം. പക്ഷേ രണ്ടിടത്തും സര്‍ക്കാറിന്റെ ഒത്താശയിലും മേല്‍നോട്ടത്തിലുമാണ് അക്രമം നടന്നത്. മ്യാന്‍മറിലെ റാഖിനെ പ്രവിശ്യയിലും അത് തന്നെയാണ് സ്ഥിതി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വേട്ടക്കാരുടെ പ്രായോജകരാകുമ്പോള്‍ കൃത്യമായ വംശീയ ഉന്‍മൂലത്തിന്റെ ഭീകരമായ തലത്തിലേക്ക് ഈ ആക്രമണങ്ങള്‍ മാറുന്നു. ക്രൂരമായ സൈനിക നടപടിയിലൂടെ എല്‍ ടി ടി ഇയെ തൂത്തെറിഞ്ഞത് സമാധാനത്തിന്റെ പേരിലാണ്. ഇന്ന് തമിഴ് വംശജര്‍ കടുത്ത വിവേചനം അനുഭവിക്കുകയാണ്. എല്‍ ടി ടി ഇക്കെതിരെ നേടിയ വിജയം പ്രസിഡന്റ് മഹിന്ദാ രജപക്‌സെയെ അഹങ്കാരിയാക്കി തീര്‍ത്തിരിക്കുന്നു. ഭാഷാ, വംശീയ ന്യൂനപക്ഷങ്ങളെ നിരന്തരം പീഡിപ്പിക്കാന്‍ സിംഹള ഗ്രൂപ്പുകള്‍ക്ക് ധൈര്യം ലഭിക്കുന്നത് രജപക്‌സേയുടെ പിന്തുണയില്‍ നിന്ന് തന്നെയാണ്. യു എന്നും മനുഷ്യാവകാശ സംഘടനകളും ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും രാജ്യത്തെ പൗരാവകാശ ലംഘനങ്ങളെ സ്വതന്ത്ര പരിശോധനക്ക് വിധേയമാക്കാന്‍ അദ്ദേഹം സന്നദ്ധനായിട്ടില്ല. വന്നവര്‍/ നിന്നവര്‍ വിഭജനത്തെ രൂക്ഷമാക്കുന്ന സമീപനമാണ് കാലാകാലങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാറുകള്‍ പുലര്‍ത്തിയിട്ടുള്ളത്. ഈ സമീപനം തന്നെയാണ് എല്‍ ടി ടി ഇയെ സൃഷ്ടിച്ചത്. മുസ്‌ലിംകള്‍ക്കും തമിഴ് വംശജര്‍ക്കുമെതിരായ തീവ്രസിംഹള ഗ്രൂപ്പുകളുടെ അതിക്രമങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന രജപക്‌സേ ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുകയാണ്. അടക്കിപ്പിടിക്കുന്ന അമര്‍ഷവും അപകര്‍ഷവും വേദനയും ഒറ്റപ്പെടലും ഏതൊക്കെ വഴിയിലേക്കാണ് മനുഷ്യരെ വലിച്ച് കൊണ്ടുപോകുകയെന്ന് പറയാനാകില്ല.

അക്രമോത്സുക ഭൂരിപക്ഷ ദേശീയത സമൂഹത്തിലെ മതനിരപേക്ഷ നിരയെക്കൂടി ലക്ഷ്യം വെക്കുന്നുണ്ട്. ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയ ഇന്ത്യയില്‍ ഇത് അതിവേഗം സംഭവിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിരുന്ന ഭൂരിപക്ഷ സമൂഹത്തില്‍ നിന്നുള്ളവര്‍ മെല്ലെ നിശ്ശബ്ദരാക്കപ്പെടുകയാണ്. അനന്തമൂര്‍ത്തിയെപ്പോലുള്ളവര്‍ മാനസിക ആക്രമണത്തിന് വിധേയമാകുന്നത് അത്‌കൊണ്ടാണ്. ഇതേ പ്രക്രിയ ശ്രീലങ്കയിലും നടക്കുന്നു. അവിടെ യഥാര്‍ഥ ബുദ്ധ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്യുന്ന ബുദ്ധഭിക്ഷു വതാരകാ വിജിത തേരോ കഴിഞ്ഞ ദിവസം ക്രൂരമായി ആക്രമിക്കപ്പെട്ടത് ഇതിന് തെളിവാണ്. മതാന്തരീയ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാറുളള ഈ മനുഷ്യന്‍ മുമ്പും അക്രമത്തിന് ഇരയായിട്ടുണ്ട്. ഫാസിസത്തിന്റെ അടിസ്ഥാന സ്വഭാവമാണ് അത്. ഇരകളോട് ഐക്യപ്പെടുന്ന പൊതു വ്യക്തിത്വങ്ങളെ അത് ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വരുതിയിലാക്കുന്നു. വര്‍ഗീയ ധ്രുവീകരണം പൂര്‍ണമാകുന്നതിന് വേണ്ടിയാണ് അത്.
ഫാസിസ്റ്റുകള്‍ക്കും തീവ്രവലതു പക്ഷ തീവ്രവാദികള്‍ക്കും എല്ലായിടത്തും ഒരേ മുഖമാണ്. ഒരേ തന്ത്രമാണ്. മ്യാന്‍മറിലെ റാഖിനെ പ്രവിശ്യയില്‍ നിന്ന് മുസ്‌ലിംകളെ ആട്ടിയോടിക്കുന്നത് മതപരമായ കര്‍ത്തവ്യമാണെന്നും മുസ്‌ലിംകളെ കൊല്ലുന്നത് പുണ്യ കര്‍മമാണെന്നും പ്രഖ്യാപിച്ച ബുദ്ധ ഭീകരവാദി അഷിന്‍ വിരാതുവും ശ്രീലങ്കയിലെ ജ്ഞാനസരയും ഇന്ത്യയിലെ പ്രവീണ്‍ തൊഗാഡിയമാരും തമ്മില്‍ എന്തൊരു സാമ്യം. നോര്‍വീജിയന്‍ വലതുപക്ഷ തീവ്രവാദി ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രീവിക്കും ഇസ്‌റാഈല്‍ ബൈത്തനു നേതാവ് അവിഗ്‌ദോര്‍ ലീബര്‍മാനുമൊക്കെ ഇതേ മുഖച്ഛായയാണ്. ഒരമ്മ പെറ്റ മക്കള്‍. നുണകളില്‍ നിന്ന് കലാപം വിതക്കാന്‍ വിരുതുളളവര്‍. നാക്കില്‍ മരണം സൂക്ഷിക്കുന്നവര്‍. സര്‍ക്കാറുകളെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നവര്‍. മരണവ്യാപാരികള്‍.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest