Connect with us

International

സിറിയന്‍ അതിര്‍ത്തിയിലും ഇസില്‍ മുന്നേറ്റം

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് അല്‍ഖാഇദ ബന്ധമുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദ ലവന്ത് (ഐ എസ് ഐ എല്‍- ഇസില്‍) ആക്രമണം തുടരുന്നു. സിറിയയുടെ അതിര്‍ത്തി പ്രദേശമായ ഖ്വായിമിന് സമീപമുള്ള സൈനിക പോസ്റ്റ് ഇസില്‍ സംഘം പിടിച്ചെടുത്തു. ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയുള്ള നഗരമാണിത്. ഇസിലുമായി നടന്ന ഏറ്റുമുട്ടലില്‍ മുപ്പത് സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അന്‍ബാര്‍ പ്രവിശ്യയിലെ റാവ നഗരവും സായുധ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് പോലീസുകാര്‍ പലായനം ചെയ്യുകയാണ്.

അതേസമയം, ഇസില്‍ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ ശക്തിപ്രകടനവുമായി ശിയാ മുസ്‌ലിംകള്‍ രംഗത്തെത്തി. ആത്മീയ കേന്ദ്രങ്ങള്‍ സംരക്ഷിക്കണമെന്ന ശിയാ നേതാവ് മുഖ്താദ അല്‍ സദറിന്റെ നിര്‍ദേശ പ്രകാരമാണ് സൈനിക വേഷത്തിലെത്തിയ ശിയാ വിഭാഗത്തില്‍ പെട്ടവര്‍ ബഗ്ദാദില്‍ മാര്‍ച്ച് നടത്തിയത്. വടക്കന്‍ ബഗ്ദാദിന് സമീപമുള്ള സദര്‍ നഗരത്തിലാണ് ഏറ്റവും വലിയ റാലി നടന്നത്. നൂറുകണക്കിന് ആളുകള്‍ സൈനിക വേഷത്തില്‍ ആയുധങ്ങളുമായാണ് മാര്‍ച്ച് നടത്തിയത്.
സദര്‍ നഗരത്തില്‍ മാത്രം മുഖ്താദ അല്‍ സദറിന്റെ കീഴില്‍ സൈനിക സേവനത്തിന് തയ്യാറായ പതിനായിരത്തോളം പേരുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഇസില്‍ ആക്രമണത്തെ ചെറുക്കുന്നതിനായി ഇറാഖ് സുരക്ഷാ വിഭാഗത്തെ സഹായിക്കാന്‍ സന്നദ്ധരായി രംഗത്ത് വന്നിട്ടുണ്ട്. ബഗ്ദാദ് പിടിച്ചെടുക്കാനുള്ള ഇസില്‍ സംഘത്തിന്റെ ശ്രമത്തെ പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം. ഇറാഖിലെ പ്രധാന നഗരങ്ങളായ മൂസ്വില്‍, തിക്‌രീത്ത് എന്നിവ സായുധം സംഘം പിടിച്ചടക്കിയ സാഹചര്യത്തില്‍ ശിയാ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ സൈനിക സേവനത്തിന് തയ്യാറാകണമെന്ന് ഭരണകൂടവും ശിയാ ആത്മീയ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.
ഇറാഖ് ഭരണകൂടം സുന്നി വിഭാഗത്തോട് വിവേചനം കാണിക്കുന്നതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഇറാഖിലെ സുന്നി നേതാക്കള്‍ ഇസിലിന് പിന്തുണ നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നൂരി അല്‍മാലിക്കി രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും ഒരുപോലെ സമ്മര്‍ദം നേരിടുകയാണ്. പഴയ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നാണ് ശിയാ ആത്മീയനേതാവ് ആയത്തുല്ല അലി സിസ്താനി അഭിപ്രായപ്പെട്ടത്.

Latest