Connect with us

Sports

വലന്‍സിയ ഇക്വഡോറിന്റെ ആയുസ് നീട്ടിയെടുത്തു

Published

|

Last Updated

കുരിടിബ: ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ഇക്വഡോറിന്റെ ഗംഭീര തിരിച്ചുവരവ് (2-1). ഹോണ്ടുറാസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് ഇക്വഡോര്‍ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്ത്. മൂന്ന് പോയിന്റോടെ ഒപ്പമുള്ള സ്വിറ്റ്‌സര്‍ലന്‍ഡിനെ ഗോള്‍ ശരാശരിയില്‍ പിന്തള്ളിയാണ് ഇക്വഡോര്‍ ഒരു പടി മുന്നിലെത്തിയത്. തുടര്‍ ജയങ്ങളുമായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തിനുള്ള പോരാട്ടമാണ് ഗ്രൂപ്പില്‍ അവശേഷിക്കുന്നത്.
ആദ്യ രണ്ട് കളിയും തോറ്റ ഹോണ്ടുറാസിന് സാധ്യത അവശേഷിക്കുന്നുണ്ട്. അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-0ന് തോല്‍പ്പിക്കുകയും ഇക്വഡോര്‍ ഫ്രാന്‍സിന് മുന്നില്‍ പരാജയപ്പെടുകയും ചെയ്താല്‍ ഹോണ്ടുറാസ് ലോകകപ്പിലെ അത്ഭുതമാകും !
ഇക്വഡോറിനെതിരെ മുപ്പത്തൊന്നാം മിനുട്ടില്‍ കാര്‍ലോ കോസ്റ്റ്‌ലി ലക്ഷ്യം കണ്ടപ്പോള്‍ ഹോണ്ടുറാസിന്റെ ചരിത്രതാരമായി. 1982 ല്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ചതിന് ശേഷം ഹോണ്ടുറാസിന്റെ ആദ്യ ഗോള്‍. ആദ്യ ജയം കൂടി അവര്‍ സ്വപ്‌നം കണ്ടു തുടങ്ങി ഈ ഗോളില്‍. രണ്ടാം പകുതിയില്‍ ഇന്നര്‍വലന്‍സിയ മാന്‍ ഓഫ് ദ മാച്ച് പ്രകടനം കാഴ്ചവെച്ചതോടെ ഹോണ്ടുറാസ് സ്വപ്‌നം കരിഞ്ഞുണങ്ങി.
പ്രതിരോധനിരക്കാരുടെ കാലുകള്‍ക്കിടയിലൂടെ നെറ്റിന്റെ ഇടത് ഭാഗത്തേക്ക് ഉരുണ്ടു വന്ന പന്ത് വലന്‍സിയ ഗോളിലേക്ക് തിരിച്ചുവിട്ടതോടെ ഇക്വഡോര്‍ തിരിച്ചുവരവിന് ഊര്‍ജമായി. വാള്‍ട്ടര്‍ അയേവിന്റെ ഫ്രീകിക്കിന് തലവെച്ച് വലന്‍സിയ വിജയഗോളടിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ തോറ്റപ്പോഴും വലന്‍സിയ ഇക്വഡോറിന് ആശ്വാസ ഗോളടിച്ചിരുന്നു. ഇതോടെ, ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടിയ ജര്‍മനിയുടെ തോമസ് മുള്ളര്‍ ഹോളണ്ടിന്റെ റോബിന്‍ വാന്‍ പഴ്‌സി, ആര്യന്‍ റോബന്‍, ഫ്രാന്‍സിന്റെ കരീം ബെന്‍സിമ എന്നിവര്‍ക്കൊപ്പം ടോപ്‌സ്‌കോറര്‍ പട്ടികയില്‍ ഇക്വഡോര്‍ താരവും ഇടം പിടിച്ചു.

Latest