Connect with us

Thrissur

ആരോഗ്യ കലാശാലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ

Published

|

Last Updated

തൃശൂര്‍: കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ ആസ്ഥാന മന്ദിരം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിനു സമീപം ഞായറാഴ്ച്ച ഗവര്‍ണ്ണര്‍ ഷീലാദീക്ഷിത് ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തും.ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനാകും. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ,പി കെ ബിജു എംപി,മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി എംപി തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ 249 ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുകുടക്കീഴിലാക്കി 2009 ഡിസംബറിലാണ് സര്‍വ്വകലാശാല സ്ഥാപിതമായത്. പതിനാലായിരം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് എട്ട് നിലകളില്‍ പണികഴിപ്പിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് ആസ്ഥാനമന്ദിരം പണികഴിപ്പിച്ചത്. ശാസ്ത്രീയമായി രൂപകല്‍പന ചെയ്ത ഓടകളും മഴവെള്ള സംഭരണവുും പാരിസ്ഥിതിക സംതുലനവും ഉറപ്പ് വരുത്തിയുള്ളതാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
ആരോഗ്യസര്‍വ്വകലാശാലയിലെ റോഡ്,ഓട,കലുങ്ക് നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുള്ളതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വൈസ് ചാന്‍സലര്‍ പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റില്‍ 1.83 കോടിക്ക് ടെണ്ടര്‍ കഴിഞ്ഞ പ്രവൃത്തികള്‍ 18.82 കോടിയാക്കി ഉയര്‍ത്തി ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എന്ന സ്ഥാപനത്തിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.എന്നാല്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായാണ് പൊതുമേഖലാസ്ഥാപനമായ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിനെ നിര്‍മ്മാണം ഏല്‍പ്പിച്ചത്.നേരത്തെ പി ഡബ്ല്യൂഡി സമര്‍പ്പിച്ച പ്രൊപ്പോസലില്‍ 2.8 കി.മീറ്ററാണ് റോഡിന്റെ നീളമുണ്ടായിരുന്നതെങ്കില്‍ ഇത് 4.2 കി.മീറ്ററായും വീതി 3.6 മീറ്ററുണ്ടായിരുന്നത് 6 മീറ്റര്‍ മുതല്‍ 22 മീറ്ററായും ഉയര്‍ത്തി.സാധാരണ ടാറിങ്മാറ്റി റബ്ബറൈസ്ഡ് ടാറിങ് ആക്കിയതുള്‍പ്പെടെ ഭാവിയില്‍ വരാനിരിക്കുന്ന വികസനങ്ങള്‍ക്കുതകുന്ന മാറ്റങ്ങള്‍ വരുത്തിയതുകൊണ്ടാണ് എസ്റ്റിമേറ്റ് തുക ഉയര്‍ന്നതെന്നും വൈസ് ചാന്‍സലര്‍ വിശദീകരിച്ചു.
സര്‍വ്വകലാശാല ക്യാമ്പസിന്റെ സമീപമുള്ള അവണൂര്‍ ഗ്രാമപഞ്ചായത്തിന്റെ ശ്മശാനം പൊളിച്ച് നീക്കാന്‍ മൂന്നര ലക്ഷം ചെലവഴിച്ചു. നിലവിലുള്ള മറ്റൊരു സ്ഥലത്ത് ചുറ്റുമതിലും രണ്ട് ഷെഡ്ഡുകളും കെട്ടി സാധാരണ വിറക് കത്തിച്ച് ദഹിപ്പിക്കുന്ന ശ്മശാനം പുനഃസ്ഥാപിക്കാന്‍ 35 ലക്ഷം എങ്ങനെ വേണ്ടി എന്നതിന് വ്യക്തമായ മറുപടി ഉണ്ടായില്ല. പ്രൊ.വൈസ്ചാന്‍സലര്‍ ഡോ.സി രത്‌നാകരന്‍,റജിസ്ട്രാര്‍ ഡോ.വി ഐപ്പ് വര്‍ഗ്ഗീസ് , അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് ,ഡോ.സുധീര്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.