Connect with us

Kozhikode

കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു

Published

|

Last Updated

കുറ്റിയാടി: തൊട്ടില്‍പ്പാലം കെ എസ് ആര്‍ ടി സി സബ് ഡിപ്പോക്ക് കീഴില്‍ ഓടിക്കൊണ്ടിരിക്കുന്ന 36 ബസുകളില്‍ 15 എണ്ണത്തിന്റെ സര്‍വീസ് വെട്ടിക്കുറച്ച നടപടി യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
അതേസമയം നിലവില്‍ ഓട്ടം നടത്തുന്ന ബസുകളില്‍ ചിലത് പാതിവഴിക്ക് കേടാകുന്നതും പതിവാണ്. തൊട്ടില്‍പ്പാലം- കോഴിക്കോട് റൂട്ടില്‍ കൃത്യമായി ഓട്ടം നടത്തിയിരുന്ന ഒമ്പത് ചെയിന്‍ സര്‍വീസുകള്‍ക്ക് പകരം രണ്ടെണ്ണമാണ് ഇന്നലെ ഓട്ടം നടത്തിയത്.
ആവശ്യമായ സ്‌പെയര്‍പാട്‌സുകള്‍ ലഭിക്കാത്തതും കാലഹരണപ്പെട്ട ടയറുകളുമാണ് ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ഓയില്‍ കിട്ടാത്തതിനെത്തുടര്‍ന്ന്, മാറ്റിവെച്ച പഴകിയ ഓയില്‍ തന്നെ വീണ്ടും ഉപയോഗിക്കുന്നുണ്ടത്രെ. മാനേജ്‌മെന്റ് ആവശ്യമായ സ്‌പെയര്‍പാട്‌സുകള്‍ നല്‍കാത്തതാണിതിന് കാരണമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുമ്പോള്‍ ആവശ്യമായ സ്‌പെയര്‍പാട്‌സുകള്‍ ആവശ്യപ്പെട്ട് കണക്കുകള്‍ ഹാജരാക്കുന്നില്ലെന്ന് മറു വിഭാഗവും പറയുന്നു.
എ ടി ഒ സ്ഥിരമായി ഇല്ലാത്ത ഡിപ്പോയുടെ ചാര്‍ജ് വഹിക്കുന്നത് തലശ്ശേരി ഡിപ്പോയിലെ എ ടി ഒ ആണ്. ദിനേന അഞ്ച് ലക്ഷം വരെ ലഭിച്ചിരുന്ന കലക്ഷന്‍ രണ്ട് ലക്ഷമായി കുറഞ്ഞിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഓടി പഴകിയ ബസുകളാണ് തൊട്ടില്‍പ്പാലം ഡിപ്പോക്ക് അനുവദിക്കാറുള്ളതെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. അതേസമയം കെ എസ് ആര്‍ ടി സിയുടെ അനങ്ങാപ്പാറ നയം സ്വകാര്യ ബസുടമകളെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്.

Latest