Connect with us

Malappuram

വനിതാ അഡ്വക്കറ്റ് കമ്മീഷണറെ തടഞ്ഞുവെച്ചു; പോലീസെത്തി മോചിപ്പിച്ചു

Published

|

Last Updated

മഞ്ചേരി: കോടതി കമ്മീഷനായി നിയോഗിച്ച വനിതാ വക്കീലിനെയും പ്രോസസ് സര്‍വയറെയും ഒരു സംഘം മണിക്കൂറുകളോളം തടഞ്ഞുവെച്ചു. അരീക്കോട് പോലീസെത്തിയാണ് മോചിപ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഊര്‍ങ്ങാട്ടിരി ചൂനിയോടാണ് സംഭവം. മഞ്ചേരി മുനിസിഫ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍പെട്ട തര്‍ക്കസ്ഥലം പരിശോധിച്ച് പ്ലാനും റിപ്പോര്‍ട്ടും കോടതിയില്‍ ബോധിപ്പിക്കാനായി മുന്‍സിഫ് അന്യാസ് തയ്യില്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അഡ്വ. ഷീനാരാജനെയും പ്രോസസ് സര്‍വയര്‍ പി സുല്‍ഫിക്കറിനെയൂമാണ് കൃത്യനിര്‍വഹണത്തിനിടയില്‍ സംഘം തടഞ്ഞുവെച്ചത്. ഊര്‍ങ്ങാട്ടിരി സ്വദേശികളായ ചോപ്പാടന്‍ ഗോപാലന്‍, പൈക്കാട്ട് ചാലില്‍ ജലാലുദ്ദീന്‍, ഭാര്യ റസീന, ചെമ്പ്രേരി സുബ്രഹ്മണ്യന്‍, പണ്ടാരപ്പെട്ടി അബ്ദുല്‍ അസീസ് എന്നിവര്‍ തങ്ങളെ അസഭ്യം പറയുകയും വസ്ത്രം പിടിച്ചുവലിച്ച് മാനഹാനി വരുത്തുകയും പിടിച്ചു തള്ളുകയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി അഭിഭാഷകയും ജീവനക്കാരനും അരീക്കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് ഒരു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായുള്ള പരാതിയിലാണ് മുന്‍സിഫ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. കേസിലെ അന്യായക്കാരനായ കുന്നത്ത് വീട്ടില്‍ ഹര്‍ഷദിനോടൊത്താണ് കമ്മീഷണറും പ്രോസസറും തര്‍ക്കസ്ഥലത്തെത്തിയത്. നാല് മണിക്ക് പരിശോധനക്കെത്തിയ ഇവരെ രാത്രി ഏഴുമണി വരെ സംഘം തടഞ്ഞു വെക്കുകയായിരുന്നു. അരീക്കോട് എസ് ഐ. കെ മുഹമ്മദിന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് ഇവരെ മോചിപ്പിച്ചത്.
സംഭവത്തില്‍ മഞ്ചേരി ബാര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു.

 

Latest