Connect with us

Malappuram

മാവോവാദി വേട്ടക്കായി ഇറക്കിയ വാഹനങ്ങള്‍ സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്നു

Published

|

Last Updated

നിലമ്പൂര്‍: മാവോവാദി വേട്ടക്കായി ഒരു കോടിയോളംരൂപ മുടക്കി സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്ത വിദേശനിര്‍മിത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ സ്ഥലം മുടക്കിയായി പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്നു. മാര്‍ച്ച് അവസാനത്തോടെയാണ് വിദേശത്ത് നിന്നും മാവോവാദി ഭീഷണിയുള്ള സംസ്ഥാനത്തെ നാല് ജില്ലകളിലേക്കായി നാല് പ്രത്യേകതരം വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്.
കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള വാഹനങ്ങള്‍ ഏപ്രില്‍ ആദ്യവാരത്തോടെ തന്നെ അതത് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലെത്തിച്ചു. പാലക്കാട് ജില്ലയിലേക്കുള്ളത് തിരുവനന്തപുരത്ത് തന്നെയിട്ടു. ഒരു വാഹനത്തിന് 22.5 ലക്ഷം രൂപയാണ് വില. ഇറക്കുമതി ചെലവും മറ്റും ഉള്‍പ്പെടെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ഏറെ കൊട്ടിഘോഷിച്ച് വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്.
കല്ലും മുള്ളും വീണു കിടക്കുന്ന മരങ്ങളും ചെങ്കുത്തായ പ്രദേശങ്ങളും തുടങ്ങി ഏതു തരത്തിലുള്ള തടസങ്ങളും തട്ടിയകറ്റി കാട്ടുവഴികളിലൂടെ സഞ്ചരിക്കാവുന്ന വാഹനങ്ങളാണിവയെന്നായിരുന്നു വിശദീകരണം. 45 ഡിഗ്രി ചെരിവുള്ള ദുര്‍ഘടം പിടിച്ച കുന്നിന്‍ പ്രദേശത്ത് കൂടിയും ഇവ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇറക്കുമതി ചെയ്ത ഈ വാഹനം ഒരിക്കല്‍ പോലും മാവോവാദി വേട്ടക്ക് ഉപയോഗിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.
മാവോവാദി ഭീഷണിയുള്ള ജില്ലയിലെ സ്റ്റേഷനുകളിലെ ഡ്രൈവര്‍മാര്‍ക്ക് വാഹനം നിര്‍മിച്ച കമ്പനിയുടെ പ്രതിനിധിയായി എത്തിയ ചെന്നൈ സ്വദേശി സുന്ദര്‍ ഗണേഷിന്റെ സഹായത്തോടെ ഏപ്രില്‍ മാസത്തില്‍ തന്നെ ആഭ്യന്തര വകുപ്പ് പരിശീലനം നല്‍കുകയും ചെയ്തു. മാവോവാദി പ്രതിരോധ സംസ്ഥാന സേന തലവന്‍ ഐ ജി സുരേഷ് രാജ് പുരോഹിതിന്റെ മേല്‍നോട്ടത്തിലുള്ള പരിശീലനത്തിന് നേതൃത്വം നല്‍കിയത് കണ്ണൂര്‍ ഡി വൈ എസ് പി ശ്രീകുമാറായിരുന്നു. മലപ്പുറം ജില്ലക്ക് അനുവദിച്ച വാഹനം കക്കാടംപൊയിലില്‍ വെച്ച് നടന്ന പരിശീലനത്തില്‍ തകരാറിലായി. ഈ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇന്ത്യന്‍ വിപണിയില്‍ അപൂര്‍വമായതിനാലും തകരാര്‍ പരിഹരിക്കാനുള്ള വിദഗ്ധരുടെ അഭാവം മൂലവും വാഹനമിപ്പോള്‍ കട്ടപ്പുറത്ത് നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ സ്ഥലം മുടക്കിയായി കിടക്കുകയാണ്.
വാഹനത്തിന്റെ അടിവശം ഉയരം കുറവായതിനാല്‍ മലയോര മേഖലയിലൂടെയും ഉള്‍വനത്തിലൂടെയും ഈ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. പരിശീലനത്തിനിടെ വാഹനത്തിന് തകരാര്‍ സംഭവിച്ചത് ഇതിന് തെളിവാണ്. കൂടാതെ ഇന്ത്യന്‍ നിരത്തുകളിലോടിക്കാനുള്ള അനുമതി ഈ വാഹനങ്ങള്‍ക്കില്ല. പരിശീലന സ്ഥലത്തേക്ക് പോലും മറ്റു വാഹനത്തില്‍ കയറ്റിയാണ് ഈ വാഹനങ്ങള്‍ എത്തിച്ചത്.

 

Latest