Connect with us

Malappuram

എസ് വൈ എസ് 60-ാം വാര്‍ഷികം സംഘ ശക്തി തെളിയിച്ച് പ്രഖ്യാപന റാലി

Published

|

Last Updated

മലപ്പുറം: സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ വിളംബരമറിയിച്ച് മലപ്പുറത്ത് നടന്ന പ്രഖ്യാപന റാലി ചരിത്രമായി. സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ 2015 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന സമ്മേളനത്തിന്റെ പ്രഖ്യാപന റാലിക്ക് കനത്ത മഴയെ അവഗണിച്ചും ആയിരങ്ങള്‍ ഒഴുകിയെത്തി.
കോട്ടപ്പടി സുന്നി മസ്ജിദില്‍ നടന്ന കര്‍മഭട സംഗമത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചു. തുടര്‍ന്ന് കിഴക്കേതലയില്‍ നിന്നാരംഭിച്ച പ്രഖ്യാപന റാലിയില്‍ 20 സോണുകളില്‍ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ച കര്‍മഭടന്‍മാരാണ് ചരിത്രത്തിലേക്ക് ചുവട്‌വെച്ചത്. എസ് വൈ എസ് ജില്ലാ നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി. പിന്നീട് ഓരോ സോണുകളും വിവിധ സന്ദേശങ്ങള്‍ നല്‍കുന്ന ബാനറുകള്‍ക്ക് കീഴിലാണ് അണിനിരന്നത്. ഇവക്ക് അതാത് സോണ്‍ നേതാക്കളും നേതൃത്വം നല്‍കി. ധാര്‍മികതയും മാനുഷികതയും നശിപ്പിക്കുന്ന കമ്പോള താത്പര്യങ്ങള്‍ക്കെതിരെ ധാര്‍മിക യുവത്വത്തിന്റെ പ്രതിഷേധങ്ങളാണ് റാലിയില്‍ ഉയര്‍ന്ന്‌പൊങ്ങിയത്.
അച്ചടക്കം കൊണ്ടും സംഘാടന മികവ് കൊണ്ടും മികച്ച് നിന്ന് റാലി നഗരത്തിന് വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. നാളേക്ക് മികച്ച യുവത്വത്തെ വാര്‍ത്തെടുക്കണമെന്ന് ഉദ്‌ഘോഷിക്കുന്ന സന്ദേശങ്ങളും മുദ്രാവാക്യങ്ങളുമാണ് റാലിയില്‍ ഉയര്‍ന്ന് കേട്ടത്. നിര്‍മാണാത്മക സമരമാണ് യുവത്വത്തിന്റെ കരുതല്‍, കരുത്തുറ്റ യുവത്വം സേവനത്തിലൂടെ തിളങ്ങട്ടെ, സമര്‍പ്പിത യൗവനം ജീവിതത്തിന്റെ സാക്ഷാത്കാരം തുടങ്ങിയ സന്ദേശങ്ങള്‍ റാലിയിലൂടെ ആദര്‍ശപോരാളികള്‍ സമൂഹത്തിന് കൈമാറി.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസിയാണ് സമ്മേളന പ്രഖ്യാപനം നടത്തിയത്. ഇത് ഏറ്റുചൊല്ലിയ പ്രവര്‍ത്തകര്‍ പ്രാസ്ഥാനിക ചരിത്രത്തില്‍ മറ്റൊരു മുന്നേറ്റം സൃഷ്ടിക്കുന്ന സമ്മേളനം വിജയിപ്പിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന ഉറപ്പോടെയാണ് മടങ്ങിയത്. എസ് വൈ എസ് ജില്ലാ ഭാരവാഹികളായ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, മുഹമ്മദ് ഇബ്‌റാഹിം, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അലവിക്കുട്ടി ഫൈസി എടക്കര, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, കെ പി ജമാല്‍ കരുളായി, ബശീര്‍ പറവന്നൂര്‍, സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദു ഹാജി വേങ്ങര, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, പി കെ എം ബശീര്‍ ഹാജി, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, സി കെ യു മൗലവി മോങ്ങം, ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി നേതൃത്വം നല്‍കി.