Connect with us

National

ബലാത്സംഗം: മന്ത്രി നിഹാല്‍ചന്ദ് ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ കടുത്ത സമ്മര്‍ദം നേരിടുന്ന കേന്ദ്ര സഹമന്ത്രി നിഹാല്‍ചന്ദ് മേഗ്‌വാള്‍ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് ചര്‍ച്ച നടത്തി. മന്ത്രിക്കെതിരായ ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു മുതിര്‍ന്ന മന്ത്രിയെ ചുമതലപ്പെടുത്തിയതായി അറിയുന്നു.
വളം, രാസവസ്തു സഹ മന്ത്രിയായ നിഹാല്‍ചന്ദ് വ്യാഴാഴ്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ കണ്ടിരുന്നു. ആരോപണവിധേയനായ മന്ത്രിയെ ഒഴിവാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാറില്‍ കടുത്ത സമ്മര്‍ദമുണ്ട്.
തന്നെ 2011ല്‍ മേഗ്‌വാള്‍ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഒരു സ്ത്രീ പരാതിപ്പെട്ടത്. തന്റെ ഭര്‍ത്താവ്, രാജസ്ഥാന്‍ പോലീസിലെ ഒരു മുതിര്‍ന്ന ഓഫീസര്‍, നിഹാല്‍ചന്ദ് എന്നിവരടക്കം 17 പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി. ഈ പരാതി തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിച്ച രാജസ്ഥാന്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2012ല്‍ കേസ് അവസാനിപ്പിച്ചു. സ്ത്രീ പിന്നീട് ജില്ലാ കോടതിയെ സമീപിച്ചു. അവരും കേസ് തള്ളി. തുടര്‍ന്ന് അഡീഷനല്‍ ജില്ലാ ജഡ്ജിക്ക് റിവ്യു ഹരജി നല്‍കി. അദ്ദേഹം മേഗ്‌വാളിനും മറ്റ് 17പേര്‍ക്കും നോട്ടീസ് അയച്ചു. ഇവര്‍ ആഗസ്റ്റ് 20നകം മറുപടി നല്‍കണം.അതിന് ശേഷമാണ് സ്ത്രീ ഒരു പത്രസമ്മേളനത്തിലൂടെ നിഹാല്‍ചന്ദിനെതിരെ പരസ്യമായി രംഗത്ത് വന്നത്. കേസ് പിന്‍വലിക്കാന്‍ പണം നല്‍കാമെന്ന വാഗ്ദാനമുണ്ടായി. വിസമ്മതിച്ചപ്പോള്‍ മന്ത്രിയുടെ ആള്‍ക്കാര്‍ ഭീഷണിയുമായി രംഗത്തു വന്നു. നിഹാല്‍ചന്ദിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ബി ജെ പി പൊതുവിലും, രാജസ്ഥാന്‍ സംസ്ഥാന ഘടകം പ്രത്യേകിച്ചും മന്ത്രി നിഹാല്‍ചന്ദിന് പിന്നില്‍ ഉറച്ചു നില്‍ക്കുകയാണ്. മന്ത്രിക്കെതിരായ നീക്കത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹം രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും ബി ജെ പി രാജസ്ഥാന്‍ ഘടകം പ്രസിഡന്റ് അശോക് പര്‍നാമി പ്രസ്താവിച്ചു.