Connect with us

Ongoing News

ഗോള്‍ഡന്‍ ഫ്രഞ്ച്

Published

|

Last Updated

സാല്‍വദോര്‍: ഹോണ്ടുറാസിന്റെ വലയില്‍ മൂന്നെണ്ണം അടിച്ചുകയറ്റി ഫ്രാന്‍സ് ഒരു ചെറിയ സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ സ്വിറ്റ്‌സര്‍ലന്‍ഡിനെ 5-2ന് കശാപ്പ് ചെയ്ത് ഫ്രാന്‍സ് കിരീടമോഹികള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഗ്രൂപ്പ് ഇയില്‍ രണ്ട് കളികളില്‍ നിന്ന് എട്ട് ഗോളുകളുകളുടെ അകമ്പടിയോടെ ദിദിയര്‍ ദെഷാംസിന്റെ ഫ്രഞ്ച് പട പ്രീക്വാര്‍ട്ടറിലേക്ക്.
ഫ്രാങ്ക് റിബറിയും സമീര്‍ നസ്‌റിയും ഇല്ലാതെ ലോകകപ്പിന് ഇറങ്ങിയ ഫ്രാന്‍സിന് വലിയ സാധ്യതകള്‍ കല്പിച്ചു നല്‍കാന്‍ ഫുട്‌ബോള്‍ വിദഗ്ധര്‍ മടിച്ചു നിന്നിരുന്നു.
എന്നാല്‍, മിഡ്ഫീല്‍ഡിലെ അതിവേഗ നീക്കങ്ങളും ഫിനിഷിംഗിലെ ഔന്നത്യവും ഫ്രാന്‍സിനെ സൂപ്പര്‍ നിരയാക്കി മാറ്റുന്നു. സെറ്റ് പീസ് ഗോളുകളിലും കൗണ്ടര്‍ അറ്റാക്കിംഗിലും മിഡ്ഫീല്‍ഡ് പ്ലേയിലുമെല്ലാം ഫ്രാന്‍സ് അതിശയിപ്പിക്കുന്നു. ഓട്ടോമര്‍ ഹിറ്റ്‌സ്ഫീല്‍ഡ് എന്ന വിദഗ്ധനായ പരിശീലകന് കീഴില്‍ മികച്ച മിഡ്ഫീല്‍ഡ് ഗെയിം കാഴ്ചവെക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒലിവര്‍ ജിറൂദ്, മാറ്റിയൂഡി, വല്‍ബ്യൂന, ബെന്‍സിമ, സിസോകോ എന്നിവരുടെ ഒന്നിനൊന്ന് മെച്ചമെന്ന് പറയാവുന്ന ഗോളുകളിലാണ് ഫ്രാന്‍സ് അടിച്ചിട്ടത്.
രണ്ടാം പകുതിയുടെ അന്ത്യത്തില്‍ സെമെയ്‌ലിയും (81) ഹാക്കയും (87) സ്വിസ് ആശ്വാസ ഗോളുകള്‍ നേടി.കോര്‍ണര്‍ കിക്കിന് ഉയര്‍ന്നു ചാടി തല വെച്ച് പതിനേഴാം മിനുട്ടില്‍ ജിറൂദ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഫ്രാന്‍സിന്റെ നൂറാം ലോകകപ്പ് ഗോള്‍ ആയിരുന്നു ഇത്. സ്വിസ് സെന്ററില്‍ നിന്ന് ടച് ചെയ്തതും ഫ്രാന്‍സ് രണ്ടാം ഗോളടിച്ചു ! ടചില്‍ നിന്ന് ലഭിച്ച പന്ത് ബെഹ്‌റാമി ബാക് പാസ് ചെയ്തതായിരുന്നു. ഒളിച്ചു നിന്ന് കരീം ബെന്‍സിമ പന്ത് റാഞ്ചി ബോക്‌സിലേക്ക് കുതിച്ചു. ഇടത് വിംഗിലൂടെ ഒപ്പം കുതിച്ച മറ്റിയൂഡിക്ക് പാസ്. തകര്‍പ്പന്‍ ഇടങ്കാലനടിയില്‍ ഗോള്‍ (2-1). ഫ്രാന്‍സിന്റെ ഗര്‍ജനമായിരുന്നു മുഴങ്ങിക്കേട്ടത്. അധികം വൈകാതെ ബെന്‍സിമയെ വീഴ്ത്തിയതിന് ഫ്രാന്‍സിന് പെനാല്‍റ്റി. കിക്കെടുത്തത് ബെന്‍സിമ. ഷോട്ട് ഗോളി ഡിയഗോ ബെനാഗ്ലിയോ തടുത്തിട്ടു. റീബൗണ്ടില്‍ അവസരമുണ്ടായിരുന്നു. കബായെയുടെ ശ്രമം പക്ഷേ ബാറില്‍ത്തട്ടിത്തെറിച്ചു.
കൗണ്ടര്‍ അറ്റാക്കിംഗിന്റെ സമ്മോഹന മുഹൂര്‍ത്തം കണ്ടത് നാല്‍പതാം മിനുട്ടില്‍ വല്‍ബ്യൂന നേടിയ ഗോളില്‍. ബെന്‍സിമ പന്ത് തട്ടിയെടുത്ത് ഡിഫന്‍ഡര്‍ വരാനെക്ക് നല്‍കി. വരാനെ അറ്റാക്കിംഗിന് തയ്യാറായി നിന്ന ജിറൂദിലേക്ക് ലോ ക്രോസ് ചെയ്തു. ഇടത് വിംഗിലൂടെ ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ കുതിച്ചു. സമാന്തരമായി വലത് വിംഗിലൂടെ വല്‍ബ്യൂനയും. ഗ്രൗണ്ട് പാസില്‍ വല്‍ബ്യൂന അനായാസം വലകുലുക്കി (3-0).
ജിറൂദിന് പകരമിറങ്ങിയ പോള്‍ പോഗ്ബ 67താംമിനുട്ടില്‍ ബെന്‍സിമക്ക് ഗോളൊരുക്കി. ഓഫ് സൈഡ് കെണി പൊട്ടിച്ച് ബോക്‌സിലേക്ക് ബെന്‍സിമ കയറുമെന്ന് മുന്‍കൂട്ടിയറിഞ്ഞുള്ള പോഗ്ബയുടെ ചിപ് ബോള്‍ മനോഹരം. ഗോളാകട്ടെ അതിലും മനോഹരം. എഴുപത്തിരണ്ടാം മിനുട്ടില്‍ സിസോകോയുടെക്ലീന്‍ ഫിനിഷ് (5-0). മമോദു സാകോവിന് പകരം കോസിന്‍ലെയും വല്‍ബ്യൂനക്ക് പകരം ഗ്രീസ്മാനും കളത്തിലിറങ്ങി. ഫ്രാന്‍സ് കളിയൊന്നു തണുപ്പിച്ചു. സ്വിസ് ഇത് മുതലെടുത്ത് രണ്ട് ഗോളുകള്‍ അടിച്ചുകയറ്റി. ബ്രസീല്‍ ലോകകപ്പിലെ ആദ്യ ഫ്രീകിക്ക് ഗോളില്‍ സെമെയ്‌ലിയും ഫ്രഞ്ച് മിഡ്ഫീല്‍ഡിനെയും ഡിഫന്‍സിനെയും പരിഹസിക്കും വിധം ഷാകയും സ്‌കോര്‍ ചെയ്തു.

Latest