Connect with us

International

മാലിയില്‍ പോഷകാഹാരക്കുറവ് നേരിടുന്നത് അഞ്ച് ലക്ഷം കുഞ്ഞുങ്ങള്‍

Published

|

Last Updated

യു എന്‍: മാലിയില്‍ അഞ്ച് വയസ്സിന് താഴെയുള്ള അഞ്ച് ലക്ഷത്തോളം കുട്ടികള്‍ രൂക്ഷമായ പോഷകാഹാരക്കുറവ് നേരിടുന്നതായും 15 ലക്ഷം പേര്‍ ഭക്ഷണ ദൗര്‍ലഭ്യം അനുഭവിക്കുന്നുവെന്നും യു എന്നിന്റെ മനുഷ്യസ്‌നേഹ പദ്ധതി വിഭാഗം അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ജോണ്‍ ഗിംഗ്, മാലിയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായമെത്തിക്കേണ്ടതുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാലിയിലെ ജനങ്ങളെ സഹായിക്കുന്നതിന് ഈ വര്‍ഷം 56.8 കോടി ഡോളര്‍ ആവശ്യമുണ്ടെന്നും യു എന്നിന് 13.5 കോടി ഡോളര്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിയിലെ സ്ഥിതിഗതികള്‍ ഏറെ ദുര്‍ബലമാണെന്നും ഇനിയും ഇത് കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നും ഗിംഗ് പറഞ്ഞു. 2012ലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് വടക്കന്‍ മാലി വിമതവിഭാഗമായ തുരേഗ് വംശത്തിന്റെയും അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദികളുടെയും നിയന്ത്രണത്തിലാണ്. കഴിഞ്ഞ വര്‍ഷം സൈനിക അധിനിവേശം നടത്തിയ ഫ്രഞ്ച് സൈന്യം തീവ്രവാദികളെ തകര്‍ത്തിരുന്നുവെങ്കിലും തുരേഗ് വംശജര്‍ വീണ്ടും ദക്ഷിണ ബാംകോ കേന്ദ്രമാക്കി സര്‍ക്കാറിനെതിരെ തിരിച്ചടിച്ചിരുന്നു. കഴിഞ്ഞ മാസം സുപ്രധാന വടക്കന്‍ നഗരമായ കിദാല്‍ തുരേഗ് വിമതര്‍ തിരിച്ചുപിടിച്ചിരുന്നു. പോരാട്ടത്തില്‍ എട്ട് സൈനികരും ആറ് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് 18,000 പേര്‍ കിദാലില്‍ നിന്ന് ഭവനരഹിതരാകുകയും ഒന്നര ലക്ഷത്തോളം പേര്‍ സ്ഥലം മാറിപ്പോകുകയും ചെയ്തിട്ടുണ്ടെന്ന് ഗിംഗ് പറഞ്ഞു. ദക്ഷിണ മാലിയിലെ അഞ്ച് ലക്ഷത്തോളം കുട്ടികളില്‍ 85 ശതമാനം പേരും പോഷകാഹാരക്കുറവുള്ളവരാണ്. വടക്കന്‍ മാലിയിലെ ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ആരോഗ്യ സംരക്ഷണമോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ലെന്നും ഗിംഗ് പറഞ്ഞു.

Latest