Connect with us

International

ഫലസ്തീന്‍ ബാലനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു

Published

|

Last Updated

ഹിബ്രോണ്‍: വെസ്റ്റ് ബാങ്കില്‍ കാണാതായ മൂന്ന് കൗമാരക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലനിടെ ഇസ്‌റാഈല്‍ സൈന്യം 14 കാരനായ ഫലസ്തീന്‍ ബാലനെ വെടിവെച്ചു കൊന്നു. കൗമാരക്കാരെ കാണാതായതുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെയാണ് സൈന്യം ബാലനെ വെടിവെച്ചിട്ടത്. ജറുസലമിന് പുറത്തുള്ള ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സൈനിക നടപടിയുടെ ഭാഗമായി 330 ഫലസ്തീനികളെ സൈന്യം കഴിഞ്ഞയാഴ്ച പിടികൂടിയിട്ടുണ്ടെന്ന് മെഡിക്കല്‍ വ്യത്തങ്ങള്‍ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് 16 കാരേയും 19കാരനേയും ഹമാസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം. എന്നാല്‍ ഇത് ഹമാസ് നിഷേധിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഈ മാസം മുതല്‍ നിലവില്‍ വന്ന ഹമാസ്- ഫലസ്തീന്‍ നേത്യത്വത്തിലുള്ള ഭരണത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള അവസരമായാണ് കൗമാരക്കാരെ കാണാതായ സംഭവത്തെ ഇസ്‌റാഈല്‍ ഉപയോഗിക്കുന്നത്.
ദുര ഗ്രാമത്തില്‍ നിന്ന് ചിലരെ പിടികൂടാനെത്തിയ ഇസ്‌റാഈല്‍ സൈനികര്‍ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിനിടെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് ദുദിന്‍ എന്ന പതിനാലുകാരന്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ സൈന്യവും മെഡിക്കല്‍ വ്യത്തങ്ങളും പറഞ്ഞു. ഗ്രാമവാസികള്‍ കല്ലും മറ്റുമായി തങ്ങളെ ആക്രമിച്ചതിനാലാണ് വെടിവെച്ചതെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു. വടക്കന്‍ ജറുസലമിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് ഫലസ്തീന്‍ യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Latest