Connect with us

Ongoing News

1,335 റിസോഴ്‌സ് അധ്യാപകരെ ഉടന്‍ നിയമിക്കും

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എയുടെ ഭാഗമായുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ കീഴില്‍ 1,335 റിസോഴ്‌സ് അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. നിയമസഭയില്‍ എന്‍ ഷംസുദ്ദീന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2014 മാര്‍ച്ച് 31 വരെ 14 ജില്ലകളിലായി 1,618 അധ്യാപകര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. ഇവരെ തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാനം 14- 15 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ റിസോഴ്‌സ് അധ്യാപകരുടെ എണ്ണം കൂടുതലാണെന്നും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ജനറല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതനുസരിച്ചാണ് നിലവിലുള്ള റിസോഴ്‌സ് അധ്യാപകരുടെ എണ്ണം 1,335 ആയി കുറച്ച് നിയമിക്കാന്‍ നടപടിയെടുത്ത് വരുന്നതെന്നും മന്ത്രി അറിയിച്ചു.
എസ് എസ് എ കേന്ദ്ര- സംസ്ഥാന സംയോജിത പദ്ധതിയായതിനാല്‍ നിയമനങ്ങള്‍ കരാര്‍ മുഖേനയും ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലുമാണ് നടത്തി വരുന്നതെന്നും മന്ത്രി അബ്ദുര്‍ റബ്ബ് പറഞ്ഞു.

 

Latest