Connect with us

Ongoing News

ഓപറേഷന്‍ കുബേര: കുഴപ്പക്കാരായ പോലീസുകാര്‍ സര്‍വീസില്‍ ഉണ്ടാകില്ല

Published

|

Last Updated

തിരുവനന്തപുരം: ബ്ലേഡ് മാഫിയക്കെതിരായ ഓപറേഷന്‍ കുബേരയുടെ ഭാഗമായി ഹെല്‍പ്പ് ഡെസ്‌ക്, ടോള്‍ ഫ്രീ നമ്പര്‍ സംവിധാനങ്ങള്‍ പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദിനംപ്രതി നിരവധി പരാതികളാണ് കൊള്ളപ്പലിശക്കാര്‍ക്കെതിരെ ഫോണ്‍ വഴിയും ഇ മെയില്‍ വഴിയും ലഭിക്കുന്നത്. ഇത്തരം പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തി സത്യസന്ധമെന്നു തെളിഞ്ഞാല്‍ മാത്രമേ റെയിഡ് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കൂ. ഓപറേഷന്‍ കുബേരയില്‍ പങ്കെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരും പരാതി ലഭിച്ച പോലീസുകാരും ഇന്റലിജന്‍സ് ഉള്‍പ്പെടെ ഉന്നത പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബ്ലേഡ് മാഫിയക്കെതിരായ നടപടികളില്‍ കുഴപ്പം കാണിക്കുന്ന പോലീസുകാര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്ന് സഭക്ക് ഉറപ്പുനല്‍കുന്നതായും ടി എന്‍ പ്രതാപന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ വന്‍കിട സ്ഥാപനങ്ങളായ മൂത്തൂറ്റ് ഫിന്‍കോര്‍പ്, ഗോകുലം ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, സുന്ദരം ഫിനാന്‍സ്, ഇന്‍ഡസ് ഫിനാന്‍സ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. കൊള്ളപ്പലിശക്കെതിരായ നടപടികളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല. എത്ര ഉന്നതനായാലും നിയമം പാലിക്കണം. എന്നാല്‍, വ്യക്തിവിരോധത്തിന്റെ പേരില്‍ ലഭിക്കുന്ന പരാതികളില്‍ പരിശോധന നടത്തി മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ. സംസ്ഥാനത്തെ ചിട്ടിക്കമ്പനികള്‍ ചിട്ടി നിയമത്തിന് അനുസൃതമായി പ്രവര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ സഹകരണ ബേങ്കുകളമായി ബന്ധപ്പെടുത്തുന്ന പദ്ധതി ചര്‍ച്ചയിലൂടെ നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കൊയിലാണ്ടി മൂടാടിയിലെ നിമിത എന്ന പെണ്‍കുട്ടിയെ ഗുരുവായൂരില്‍ വെച്ച് കാണാതായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കെ ദാസന്റെ സബ്മിഷന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി.
പത്തനംതിട്ടയിലെ കെ എസ് ആര്‍ ടി സി ഡിപ്പോയുമായി ബന്ധപ്പെട്ട ശോച്യാവസ്ഥ പരിഹരിക്കാന്‍ പത്തനംതിട്ടയില്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്ന് കെ ശിവദാസന്‍ നായരുടെ സബ്മിഷന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി. കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് 10 പുതിയ ബസുകള്‍ അനുവദിക്കുമെന്നും അന്തര്‍സംസ്ഥാന സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും എന്‍ എ നെല്ലിക്കുന്നിന്റെ സബ്മിഷന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി.