Connect with us

Ongoing News

സംസ്ഥാനത്ത് സമഗ്ര പരിസ്ഥിതി നയം രൂപവത്കരിക്കും: മന്ത്രി തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിനായി സമഗ്രമായ പരിസ്ഥിതി നയം രൂപവത്കരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ഇതിനായി പരിസ്ഥിതി രംഗത്തെ വിദഗ്ധരടങ്ങുന്ന സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ടി എന്‍ പ്രതാപന്‍ അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
ഓരോ നദിയുടെ സംരക്ഷണത്തിനും പ്രത്യേക കര്‍മ പദ്ധതി ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നയത്തിലുണ്ടാകുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് നടപ്പാക്കുന്ന സബര്‍ബന്‍ റെയില്‍ പദ്ധതി രണ്ടാം ഘട്ടത്തില്‍ ഷൊര്‍ണൂര്‍-കോഴിക്കോട് വരെ നീട്ടുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. പി ഉബൈദുല്ലയുടെ അനൗദ്യോഗിക പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം-ചെങ്ങന്നൂര്‍ പാതയില്‍ 125.25 കി. മീ ദുരത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
3,330 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ബോംബെ റെയില്‍ വികാസ് കോര്‍പറേഷന്‍ ലിമിറ്റഡ് ഇതുമായി ബന്ധപ്പെട്ട് സാധ്യതാപഠനം നടത്തി. ഇത് സംബന്ധിച്ച് റെയില്‍വേയുമായും കേന്ദ്ര സര്‍ക്കാറുമായും നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
മലബാര്‍ മേഖലയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഗതാഗത പ്രശ്‌നം രൂക്ഷമാണെന്ന് പറഞ്ഞ മന്ത്രി റോഡ് വികസനത്തിന് സ്ഥലം ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി. സബര്‍ബന്‍ റെയില്‍ മലബാറിലും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഉബൈദുല്ലയുടെ പ്രമേയം സഭ പാസാക്കി.
പ്രതിസന്ധിയിലായ ഫാക്ടിനെ(എഫ് എ സി ടി) രക്ഷിക്കാന്‍ പൊതുമേഖലാ പുനരുദ്ധാരണ ബോര്‍ഡ് ശിപാര്‍ശ ചെയ്ത 991 കോടി രൂപയുടെ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഫാക്ടിന് വേണ്ട എല്‍ എന്‍ ജിക്ക് വാറ്റ് ഒഴിവാക്കി നല്‍കുമെന്ന് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് നിയമസഭയെ അറിയിച്ചു.
ടി എം തോമസ് ഐസക് അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Latest