Connect with us

Ongoing News

ഇറാഖില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരില്‍ ഗൂഡല്ലൂരിലെ ഒരേ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍

Published

|

Last Updated

ഗൂഡല്ലൂര്‍: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ ജോലി ചെയ്യുന്നവരില്‍ ഗൂഡല്ലൂരിലെ മലയാളി കുടുംബത്തിലെ മൂന്ന് നഴ്‌സുമാര്‍ കൂടിയുണ്ടെന്ന് വിവരം ലഭിച്ചു. ഇതോടെ ഇറാഖിലുള്ള ഗൂഡല്ലൂര്‍ സ്വദേശിനികളായ മലയാളി നഴ്‌സുമാരുടെ എണ്ണം ഒമ്പതായി. ഗൂഡല്ലൂര്‍ വിമലഗിരി സ്വദേശി ജോസിന്റെ മൂന്ന് പെണ്‍മക്കളാണ് ഇറാഖില്‍ ജോലി ചെയ്യുന്നത്. ജ്യോതി (30) മഞ്ജു (28) രഞ്ജിനി (26) എന്നിവരാണ് ഇറാഖില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ ജ്യോതി, മഞ്ജു എന്നിവര്‍ ഇറാഖിലെ നസ്‌റിയയിലെ അല്‍ഹുസൈന്‍ ടീച്ചിംഗ് ഗവ. ആശുപത്രിയിലും രഞ്ജിനി അല്‍സമാ അന്താടയിലെ ഫെമിനൈന്‍ ചില്‍ഡ്രന്‍സ് ടീച്ചിംഗ് ഗവ. ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്. ഇതില്‍ രഞ്ജിനി രണ്ട് വര്‍ഷം മുമ്പും ജ്യോതി, മഞ്ജു എന്നിവര്‍ ഒരു വര്‍ഷം മുമ്പുമാണ് ജോലിക്കായി ഇറാഖിലെത്തിയത്. മൂവരും സുരക്ഷിതരാണ്. വീട്ടുകാരുമായി ദിനേന ഇവര്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. പുറത്ത് പോകരുതെന്ന് ഇന്ത്യന്‍ എംബസി ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കി. മുപ്പത് വര്‍ഷം മുമ്പ് നിലമ്പൂരില്‍ നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിപ്പാര്‍ത്തതാണീ കുടുംബം.