Connect with us

Idukki

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ വക്കീല്‍ നോട്ടീസ്

Published

|

Last Updated

തൊടുപുഴ: ഇടുക്കിയിലെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ സാമ്പത്തിക ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലിമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ജിയോ മാത്യുവിനെതിരെ പ്രസിഡന്റ് ബിജോ മാണി വക്കീല്‍ നോട്ടീസ് അയച്ചു. ഏഴ്ദിവസത്തിനകം പൊതുജന സമക്ഷം ക്ഷമാപണം നടത്തിയില്ലെങ്കില്‍ മാനഹാനിയുണ്ടാക്കിയ ആരോപണത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രമിനല്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പുണ്ട്.
ഇടുക്കി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി അഖിലേന്ത്യാ ഘടകത്തില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിക്കുന്നതില്‍ ബിജോ മാണി ക്രമക്കേട് കാണിച്ചെന്ന് ജിയോ മാത്യു ആരോപിച്ചിരുന്നു.
കഴിഞ്ഞ ഒന്‍പതിനാണ് തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ജിയോ മാത്യു ആരോപണം ഉന്നയിച്ചത്. ബിജോ മാണി നിരുത്തരവാദപരമായി പെരുമാറിയെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വീഴ്ച വരുത്തിയെന്നും ജിയോ മാത്യു ആരോപിച്ചിരുന്നു. അഖിലേന്ത്യാ ഘടകത്തില്‍ നിന്നനുവദിച്ച പണം താഴേത്തട്ടിലുള്ള ഭാരവാഹികള്‍ക്ക് ബിജോ മാണി നല്‍കിയില്ലെന്നും ജിയോ പറഞ്ഞിരുന്നു. ഇത് പൊതുജന മധ്യത്തിലുള്ള തന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും അഡ്വ. സജി അഗസ്റ്റിന്‍ മുഖേന അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.