Connect with us

Kozhikode

എസ് വൈ എസ് റമസാന്‍ ക്യാമ്പയിന്‍ നാളെ തുടങ്ങും

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാന്‍ ക്യാമ്പയിന്‍ നാളെ തുടങ്ങും.
“ഖുര്‍ആന്‍ വിളിക്കുന്നു” എന്ന ശീര്‍ഷകത്തില്‍ യൂനിറ്റ് മുതല്‍ സംസ്ഥാന ഘടകം വരെ നടപ്പാക്കുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളോടെയാണ് ഈ വര്‍ഷം വിശുദ്ധ റമസാനിന് സ്വാഗതമോതുന്നത്. യൂനിറ്റുകളില്‍ നടക്കുന്ന മുന്നൊരുക്കം സംഗമങ്ങളിലൂടെ റമസാന്റെ വരവറിയിച്ച് വീടുകളും പള്ളികളും ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരിച്ച് അലങ്കരിക്കും. മൂന്ന് ദിവസത്തെ പ്രഭാഷണവും സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി തയാറാക്കിയ ലഘുലേഖ ജനസമ്പര്‍ക്കത്തിന്റെ ഭാഗമായി യൂനിറ്റുകളില്‍ വിതരണം ചെയ്യും.
ഫാമിലി സ്‌കൂളിന്റെ ഭാഗമായി ഖുര്‍ആന്‍ പ്രഭാഷണങ്ങളും കുടുംബ ക്ലാസുകളും സംഘടിപ്പിക്കും. യൂനിറ്റ് പരിധിയിലെ മഖ്ബറയില്‍ സമൂഹ സിയാറത്ത്, രോഗികള്‍ക്കുള്ള സാന്ത്വന സന്ദര്‍ശനം, ബദര്‍ സ്മരണം, ഇഅ്തികാഫ് ജെല്‍സ, ഖത്മുല്‍ ഖുര്‍ആന്‍, ഇഫ്ത്വാര്‍ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി യൂനിറ്റുകളില്‍ സംഘടിപ്പിക്കും. റമസാനിന്റെ ആദ്യ പത്തില്‍ 60 ാം വാര്‍ഷികത്തിന്റെ ഭാഗമായി 60 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റുകള്‍ വിതരണം ചെയ്യും. സര്‍ക്കിള്‍ ഘടകങ്ങളില്‍ തര്‍ബിയത് ക്യാമ്പും 60 ാം വാര്‍ഷിക സന്നദ്ധ സേനാംഗങ്ങള്‍ക്കുള്ള പരിശീലനവും ഇഫ്ത്വാറും സംഘടിപ്പിക്കും. തീരദേശങ്ങളില്‍ പ്രാര്‍ഥനാ സംഗമവും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള തസ്‌കിയതും ഇഫ്ത്വാറുമാണ് സോണ്‍ തലങ്ങളിലെ പ്രധാന പരിപാടി. വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, അഭ്യസ്ഥവിദ്യര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള പഠനങ്ങളും ഇഫ്ത്വാറും ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും.
നാളെ വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് സമസ്ത സെന്ററിലെ എക്‌സിക്യൂട്ടീവ് ഹാളില്‍ നടക്കുന്ന റമസാന്‍ ക്യാമ്പയിന്‍ ഉദ്ഘാടന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍ സംബന്ധിക്കും.