Connect with us

Eranakulam

ഫാക്ട് പുനരുദ്ധാരണ പാക്കേജ്: തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകും - മന്ത്രി അനന്ത്കുമാര്‍

Published

|

Last Updated

കൊച്ചി: ഫാക്ട് പുനരുദ്ധാരണ പാക്കേജ് കേന്ദ്ര സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന്് കേന്ദ്ര രാസവളം മന്ത്രി അനന്ത്കുമാര്‍. ഫാക്ടിന്റെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താനെത്തിയ മന്ത്രി ഫാക്ട് ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പുനരുദ്ധാരണ പാക്കേജ് സമയ ബന്ധിതമായി നടപ്പാക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ അനന്ത്കുമാര്‍ തയാറായില്ല. ഫാക്ടിന്റെ രണ്ട് വിപുലീകരണ പദ്ധതികള്‍ക്ക്് കേന്ദ്ര പരിസ്ഥിതി വകുപ്പ് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ഫാക്ടിന്റെ അമ്പലമേട്ടിലെ അമോണിയാ പ്ലാന്റിന്റെ സംഭരണ ശേഷി 1,000 ടണ്‍ വര്‍ധിപ്പിക്കുന്നതിനും ഫാക്ടം ഫോസിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അനുമതി നല്‍കിയത്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് അനുമതി ലഭിക്കാതെ കിടന്ന ഈ നിര്‍ദേശങ്ങള്‍ക്ക്് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടാഴ്ചക്കുള്ളില്‍ പരിസ്ഥിതി അനുമതി ലഭ്യമാക്കിയത് മോദി സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള ആത്മാര്‍ഥതയാണ് കാണിക്കുന്നത്. ഫാക്ട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി തനിക്കയച്ച കത്തിന് അതേ ദിവസം തന്നെ മറുപടി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. ഫാക്ടിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ സുപ്രധാനമായ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
രാസവളം മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെര്‍ട്ടിലൈസര്‍ കമ്പനികളുടെയും പ്ലാന്റുകളുടെയും പുനരുദ്ധാരണം മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ മാര്‍ഗരേഖ തയാറാക്കും.
പ്രകൃതി വാതകത്തിന്റെ വിലക്കൂടുതല്‍ ഫാക്ട് നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. പലയിടത്തും 4.2 ഡോളറിനും 8.4 ഡോളറിനും എല്‍ എന്‍ ജി ലഭിക്കുമ്പോള്‍ ഫാക്ടില്‍ എല്‍ എന്‍ ജി ലഭിക്കുന്നത് 23ലധികം ഡോളര്‍ നിരക്കിലാണ്. വിലകള്‍ ഏകീകരിച്ച് ഈ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കേണ്ടതുണ്ട്. എല്‍ എന്‍ ജിയുടെ വാറ്റ് നികുതിയില്‍ കുറവ് വരുത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടുള്ളതായും അനന്തകുമാര്‍ പറഞ്ഞു.
ജൈവവള ഉപയോഗവുമായി ബന്ധപ്പെട്ട ദേശീയനയത്തിന് ഉടന്‍ തന്നെ രൂപം നല്‍കുമെന്നും അനന്തകുമാര്‍ അറിയിച്ചു. രാസവള ഉപയോഗത്തെ തുടര്‍ന്ന് രാജ്യത്തെ പലസ്ഥലങ്ങളിലും എന്‍ പി കെ അനുപാതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മണ്ണിന്റെ ഗുണം വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാറിന്റെ പ്രധാന അജന്‍ഡയാണെന്നും അറിയിച്ചു.
നേരത്തെ ഫാക്ട് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ മന്ത്രി ഫാക്ട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര രാസവള മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരുമായും സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായും വിവിധ ട്രേഡ് യുനിയന്‍ നേതാക്കളുമായും കേന്ദ്ര മന്ത്രി ചര്‍ച്ച നടത്തി. രാസവളം വകുപ്പ് ജോയന്റ് സെക്രട്ടറി ശ്യാം ലാല്‍ ഗോയല്‍, ഫാക്ട് സി എം ഡി. ജയ്‌വീര്‍ ശ്രീവാസ്തവ, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളിധരന്‍, സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനറും ട്രേഡ് യൂനിയന്‍ നേതാവുമായ കെ ചന്ദ്രന്‍ പിള്ള എന്നിവരും കേന്ദ്ര മന്ത്രിയോടൊപ്പമുണ്ടായിരുന്നു.