Connect with us

Malappuram

ഗിന്നസ് ബുക്കിലേക്ക് ഇടം നേടാന്‍ കൈയെഴുത്ത് മാസികയും

Published

|

Last Updated

മലപ്പുറം:ഗിന്നസ് ബുക്ക്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടംകാത്ത് ഒരു കയ്യെഴുത്ത് മാസിക.
നാലായിരത്തി അറുന്നൂറോളം വിദ്യര്‍ഥികള്‍ 10 ഭാഷകളിലായി 10000 പേജുകളിലാണ് കയ്യെഴുത്ത് മാസിക തയ്യാറാക്കിയിരിക്കുന്നത്. 71 സെന്റിമീറ്റര്‍ നീളവും 57 സെന്റിമീറ്റര്‍ വീതിയുമുള്ള മാസിക ചാര്‍ട്ട് പേപ്പറുകളിലാണ് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് മീറ്ററിലധികം ഉയരം വരുന്ന മാസിക മറിച്ചു നോക്കുന്നതിനും മറ്റരിടത്തേക്ക് മാറ്റുന്നതിനും അനായാസം സാധിക്കും വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മലയാളം, അറബിക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഐറിഷ്, സംസ്‌കൃത്, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകളിലായി വൈവിധ്യമാര്‍ന്ന മൗലിക രചനകളാണ് മാഗസിനിന്റെ ഉള്ളടക്കം.
തവനൂര്‍ പഞ്ചായത്തിലെ ഐഡിയല്‍ ട്രസ്റ്റിന് കീഴിലുള്ള മോണ്ടിസ്സോറി, സി ബി എസ് ഇ സ്‌കൂള്‍, ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആര്‍ട് ആന്‍ഡ് സയന്‍സ് കോളജ്, ഐഡിയല്‍ മദ്‌റസ എന്നീ ഐഡിയല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യര്‍ഥികളും ഒരേസമയമാണ് അവരവരുടെ രചനകള്‍ മാഗസിന്‍ പേപ്പറിലേക്ക് പകര്‍ത്തിയത്. വിദ്യാര്‍ഥികളുടെ ഐഡിയലിന്റെ ഇരുപതാം വാര്‍ഷികത്തിന് തുടക്കം കുറിച്ചാണ് ഈ വായനാവാരത്തില്‍ മെഗാമെഗ്-14 എന്ന കയ്യഴുത്ത് മാസിക തയ്യാറാക്കുന്നതെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഉമര്‍ പുനത്തില്‍ പറഞ്ഞു. ഒരേസമയം മാഗസിന്‍ തയ്യാറാക്കുന്ന കാഴ്ചകാണാന്‍ എടപ്പാള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈദാബി, വളാഞ്ചേരി സി ഐ. വി ഉല്ലാസ്, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി സജിത എന്നിവരെത്തിയിരുന്നു. ഈമാസം 26ന് നടക്കുന്ന മാഗസിന്റെ പ്രാകാശന ചടങ്ങില്‍ ജില്ലാ സബ് കലക്ടര്‍ അമീത് മീന, ഇ ടി മുഹമ്മദ് ബശീര്‍ എം പി, ഡോ. കെ ടി ജലീല്‍ എം എല്‍ എ സംബന്ധിക്കും. ലോകത്തത് ഇത്തരത്തിലുള്ള കയ്യെഴുത്ത് മാസിക ആദ്യത്തേതാണെന്നും ഗിന്നസ് ബുക്ക്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടംപിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.