Connect with us

Kozhikode

മുന്നണി പ്രവേശം: ഐ എന്‍ എല്ലിന് വീണ്ടും സി പി എമ്മിന്റെ ഉറപ്പ്

Published

|

Last Updated

കോഴിക്കോട്:മുന്നണി പ്രവേശനം സംബന്ധിച്ച് ഐ എന്‍ എല്‍ നേതൃത്വത്തിന് വീണ്ടും സി പി എമ്മിന്റെ ഉറപ്പ്. അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഐ എന്‍ എല്ലിന്റെ മുന്നണിപ്രവേശന വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉറപ്പു നല്‍കിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തായിരുന്നു കൂടികാഴ്ച്ച. ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍, ജനറല്‍ സെക്രട്ടറി പ്രൊഫ എ പി അബ്ദുല്‍വഹാബ്, സെക്രട്ടറിമാരായ കെ സി ഇസ്മയില്‍, എം എം മാഹീന്‍ എന്നിവരാണ് പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.
തിരഞ്ഞെടുപ്പ് അവലോകനമാണ് ഇത്തവണ എല്‍ ഡി എഫ് യോഗത്തിലെ പ്രധാന അജണ്ടയെന്നും അടുത്ത യോഗത്തില്‍ മുന്നണി വിപുലീകരണം സംബന്ധിച്ച് ചര്‍ച്ചയുണ്ടാകുമെന്നുമാണ് ചര്‍ച്ചയില്‍ നേതാക്കളെ അറിയിച്ചത്. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഐ എന്‍ എല്ലിന്റെ സേവനത്തെയും ചര്‍ച്ചയില്‍ പ്രകീര്‍ത്തിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്നണിപ്രവേശനം സംബന്ധിച്ച് എല്‍ ഡി എഫുമായി ഐ എന്‍ എല്‍ ഇടഞ്ഞിരുന്നു. പാര്‍ട്ടിക്ക് സ്വാധീനമുള്ള കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പൊന്നാനി മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാനും തീരുമാനിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം മുന്നണി പ്രവേശനം ലഭിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ ഡി എഫ് നേതാക്കളുടെ ഉറപ്പിലാണ് തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഐ എന്‍ എല്‍ പിന്‍മാറിയത്. 20 കൊല്ലമായി ഇടതുമുന്നണിയുമായി ബന്ധം തുടരുന്ന പാര്‍ട്ടിയെ മുന്നണിയില്‍ ഘടകകക്ഷിയായി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇടതുമുന്നണിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരൂമാനിച്ചിരുന്നു. അടുത്ത ഇടതുമുന്നണി യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഐ എന്‍ എല്‍ നേതൃത്വം. ആര്‍ എസ് പി മുന്നണി വിടുകയും തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുകയും ചെയ്ത സാഹചര്യത്തില്‍ മുന്നണിവിലുലീകരണം സി പി എമ്മിലും ഇടതുമുന്നണിയിലും സജീവചര്‍ച്ചയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഐ എന്‍ എല്‍, ഫോര്‍വേഡ്‌ബ്ലോക്ക്, ജെ എസ് എസ്, സി എം പി എന്നീ പാര്‍ട്ടികളുടെ കാര്യത്തില്‍ സി പി എമ്മും മുന്നണിയും അനുകൂല സമീപനമെടുക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കണക്കു കൂട്ടുന്നത്.

Latest